ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തെലങ്കാന സര്‍ക്കാര്‍; പരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് റിപ്പബ്ലിക് പരേഡ് നടത്തിയില്ല

telanga cm
 

ഹൈദരാബാദ്: റിപ്പബ്ലിക് ദിനാഘോഷം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തെലങ്കാന സര്‍ക്കാര്‍. പരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് റിപ്പബ്ലിക് പരേഡ് നടത്തിയില്ല. രാജ്ഭവനില്‍ മാത്രമാണ് റിപ്പബ്ലിക്ക് ദിന പരേഡ് സംഘടിപ്പിച്ചത്. തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച പോലെ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ദേശീയ പതാക ഉയര്‍ത്തി. അതേസമയം, മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തില്ല. ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുത്തത്. 

കേന്ദ്ര മാനദണ്ഡങ്ങളുസരിച്ച് പരേഡും ഗാര്‍ഡ് ഓഫ് ഓണറും ഉള്‍പ്പെടുത്തി റിപ്പബ്ലിക് ദിന പരിപാടി നടത്തണമെന്നായിരുന്നു തെലങ്കാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം ഇത്തവണയും ഉണ്ടാകില്ലെന്ന് തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ തവണയും ഇതേ കാരണം ചൂണ്ടിക്കാട്ടി തെലങ്കാന സര്‍ക്കാര്‍ റിപ്പബ്ലിക് ദിനപരിപാടികള്‍ വെട്ടിച്ചുരുക്കിയിരുന്നു.