ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും

7
 

ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും. ​പത്തുവരിയുള്ള ഈ പാത തുറന്നുകൊടുക്കുന്നതോടെ ബെഗളൂരു-മൈസൂരു യാത്രാസമയം ഒരു മണിക്കൂര്‍ 20 മിനിറ്റായി കുറയും. ഫെബ്രുവരി അവസാനം പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി പറഞ്ഞു.

117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 9000 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് നിഡഗട്ടവരെയും അവിടംമുതല്‍ മൈസൂരു വരെയും രണ്ട് ഘട്ടങ്ങളായിട്ടാണ് പാത നിര്‍മിച്ചിരിക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി വരുന്ന അഞ്ച് ബൈപ്പാസുകള്‍ അടങ്ങുന്ന 52 കിലോമീറ്റര്‍ പാത ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്നാണ് കരുതുന്നത്.

പാതയുടെ ഇരുവശങ്ങളിലായി രണ്ടുവരികള്‍ വീതം സമീപമുള്ള ഗ്രാമങ്ങളിലേക്ക് നയിക്കുന്ന പാതകളും ഉണ്ടായിരിക്കും. ഈ രണ്ട് പാതകളും ഗ്രാമങ്ങളുടെ ഗതാഗത ആവശ്യങ്ങളും നിറവേറ്റും. ബാക്കിയുള്ള ആറു വരികള്‍ പ്രധാന പാതയുടെ ഭാഗമായി തന്നെ നിലനില്‍ക്കും. നിലവില്‍ മൂന്നുമുതല്‍ നാല് മണിക്കൂർ വരെയാണ് മൈസൂരു-ബെംഗളൂരു യാത്രയ്ക്ക് വേണ്ടിവരുന്നത്.