കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല; അരവിന്ദ് കെജ്രിവാളിന്റെ സിംഗപ്പൂർ യാത്ര ക്യാൻസൽ

kejariwal
 ലോക നഗര ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള സമയ പരിധി അവസാനിച്ചതിനാൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിംഗപ്പൂരിലേക്ക് പോകില്ല. സിംഗപ്പൂര്‍ സന്ദര്‍ശനത്തിനുള്ള അനുമതിയെച്ചൊല്ലി ഡല്‍ഹി മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ തർക്കം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഈ തീരുമാനം അറിയിച്ചത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതീരെ  ഡല്‍ഹി സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവന ഇറക്കി.

വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും വരുത്തിയ പരിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ നടത്തിയ ലോകോത്തര പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ സംസാരിക്കുന്നതില്‍ നിന്ന് കെജ്രിവാളിനെ കേന്ദ്രം തടയുകയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

സിംഗപ്പൂരില്‍ നടക്കുന്ന ലോക നഗര ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ക്ഷണം ലഭിച്ചത്. ജൂലൈ 20നകം ക്ഷണം സ്വീകരിക്കാതിരുന്നതിനാല്‍ ഉച്ചകോടിയുടെ ഭാഗമാകാനുള്ള ക്ഷണം കാലഹരണപ്പെട്ടതായി സിംഗപ്പൂര്‍ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ഇതു സംബന്ധിച്ച കത്ത് ഡല്‍ഹി മുഖ്യമന്ത്രിക്ക് അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക അനുമതിക്കായി ഡല്‍ഹി സര്‍ക്കാര്‍ ജൂണ്‍ 7 ന്  ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്ക്  ഫയല്‍ അയച്ചിരുന്നു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന കെജ്രിവാളിന്റെ സന്ദര്‍ശനത്തിനുള്ള നിര്‍ദ്ദേശം മടക്കി അയച്ചു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് രാഷ്ട്രീയ അനുമതി തേടാന്‍ തീരുമാനിക്കുകയായിരുന്നു.എന്നാല്‍ ഇതിനകം മറുപടി ലഭിക്കാതിരുന്നതിനാല്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ക്ഷണം പിന്‍വലിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.