മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ വാർത്തകൾ കവർ ചെയ്യണം: ഉപരാഷ്ട്രപതി

vp
 ന്യൂ ഡൽഹി : പത്രപ്രവർത്തനത്തിന്റെധാർമികമൂല്യങ്ങൾ പിന്തുടരാനും വാർത്തകൾ കവർ ചെയ്യുന്നതിൽ ഉത്തരവാദിത്തമുള്ളവരായിരിക്കാനും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മാധ്യമങ്ങളോട് ആഹ്വാനം ചെയ്തു.

വാർത്തകൾ പെരുപ്പിച്ചു കാണിക്കുകയും സെൻസേഷണലൈസ് ചെയ്യുകയും ചെയ്യുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഇത് പൊതുജനങ്ങളെ തെറ്റായവിവരങ്ങൾ  അറിയിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു.
10 കിലോവാട്ട് എഫ്എം ശേഷിയുള്ള  100 മീറ്റർ ടവർ ഇന്ന് നെല്ലൂരിലെ ആകാശവാണി എഫ്എം സ്റ്റേഷനിൽ ശ്രീ നായിഡു ഉദ്ഘാടനം ചെയ്തു.

 

ജനാധിപത്യസംവിധാനത്തിൽ  മാധ്യമസ്വാതന്ത്ര്യം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ശ്രീ നായിഡു ഊന്നിപ്പറഞ്ഞു.വിവിധ വിഷയങ്ങളിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിലും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലും മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.ഈ സാഹചര്യത്തിൽ, ദേശീയ വികസനത്തിൽ പ്രക്ഷേപണ മാധ്യമങ്ങളുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം  സൂചിപ്പിച്ചു  .
 

ഡിജിറ്റൽ യുഗത്തിൽ മാധ്യമങ്ങളുടെ വ്യാപകമായ വ്യാപനം ശ്രദ്ധയിൽപ്പെടുത്തിയ  ശ്രീ നായിഡു, സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാനും പത്രപ്രവർത്തനത്തിന്റെ പ്രധാന തത്വങ്ങളുമായി എപ്പോഴും ചേർന്ന് നിൽക്കുവാനും   മാധ്യമങ്ങളെ ഉപദേശിച്ചു.മാധ്യമങ്ങൾ  എപ്പോഴും ആത്മപരിശോധന നടത്തേണ്ടതും സ്വയം നിയന്ത്രിക്കേണ്ടതും ആവശ്യമാണ്.
 

ടിവി ചർച്ചകളിലെ നിലവാരത്തകർച്ചയെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, പ്രധാനപ്പെട്ട ദേശീയ വിഷയങ്ങളിൽ കൂടുതൽ അർത്ഥവത്തായതും മാന്യവുമായ ചർച്ചകൾ സംഘടിപ്പിക്കുവാൻ മാധ്യമങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യൻ  ജനസംഖ്യയുടെ  60 ശതമാനവും  ഗ്രാമീണരാണെന്നു  ഓർമ്മിപ്പിച്ച അദ്ദേഹം, ഗ്രാമീണ ഇന്ത്യയുടെ പ്രശ്‌നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എല്ലാ മാധ്യമ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
സാമൂഹ്യ മാധ്യമങ്ങളുടെ  വർദ്ധനയെ സൂചിപ്പിച്ചു കൊണ്ട്, വ്യാജ വാർത്തകളുടെ പ്രതിഭാസത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും സ്ഥിരീകരിക്കാത്തതും അടിസ്ഥാനരഹിതവുമായ വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറരുതെന്നും  പറഞ്ഞു