തെങ്കാശിക്കടുത്ത് കരടിയുടെ ആക്രമണം; മൂന്നു പേർക്ക് പരുക്ക്

തെങ്കാശിക്കടുത്ത് കരടിയുടെ ആക്രമണം; മൂന്നു പേർക്ക് പരുക്ക്
 

തെന്മല: തമിഴ്നാട്ടിലെ തെങ്കാശി കടയത്തിനുസമീപം കരടിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് ഗുരുതരപരിക്ക്. സുഗന്ധവ്യഞ്ജന വ്യാപാരി വൈകുണ്ഠമണി (55), നാഗേന്ദ്രൻ (64), സൈലപ്പൻ (54) എന്നിവരെയാണ് കരടി മുഖത്തുൾപ്പെടെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.

ഞായറാഴ്ച രാവിലെ പശ്ചിമഘട്ടത്തോടു ചേർന്നുള്ള കടയം കടനാ അണക്കെട്ട് പെത്താൻപിള്ള-കുടിയിരിപ്പ് റോഡിൽ ഇരുചക്രവാഹനത്തിൽ മസാലസാധനങ്ങൾ വിൽക്കാൻ പോയ വൈകുണ്ഠമണിയുടെ മുന്നിലേക്ക് കരടി ചാടിവീഴുകയായിരുന്നു. നാട്ടുകാരെത്തി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാഗേന്ദ്രൻ, സൈലപ്പൻ എന്നിവർക്കുനേരേയും ആക്രമണമുണ്ടായത്. 

രക്ഷപ്പെടാൻ കഴിയാത്തവിധം മൂവരെയും കാലുകൾക്കിടയിലാക്കി മുഖത്താണ് കരടി കൂടുതലും ആക്രമണം നടത്തിയത്. ചുറ്റും കൂടിയവർ ഓടിക്കാൻ ശ്രമിച്ചെങ്കിലും കരടി പിന്മാറിയില്ല. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മൂന്നുപേരെയും തിരുനെല്‍വേലി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. 

കരടി ആക്രമണത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കണമെന്നും കരടിയെ വെടിവച്ചുകൊല്ലണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ശിവശൈലം ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു. സമരത്തെ തുടര്‍ന്ന് ആലംകുളം ഡിവൈഎസ്പി പൊന്നരശ്, കടയം റേഞ്ച് ഓഫിസര്‍ കരുണാമൂര്‍ത്തി എന്നിവര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ കരടിയെ കൂടുവെച്ച് പിടികൂടുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.രാത്രി 7ന് വനംവകുപ്പ് മയക്കുവെടിവച്ച് കരടിയെ പിടികൂടി.