ജി20 ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രത്യേക ക്ഷണിതാവായി യുഎഇ

g20
 2023-ല്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രത്യേക ക്ഷണിതാവായി യുഎഇ.  ഉച്ചകോടിയുടെ അധ്യക്ഷ പദവി വഹിക്കുന്ന ആതിഥേയ രാജ്യമെന്ന നിലയിലാണ് ഇന്ത്യയുടെ ഈ ക്ഷണം.വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറാണ് ന്യൂഡല്‍ഹിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനെ നേരിട്ട് ക്ഷണിച്ചത്. 

2014 മുതല്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരുരാജ്യങ്ങളും ഈ വര്‍ഷം 88 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം മറികടക്കുമെന്നാണ് പ്രവചനം. ഇതോടെ യുഎസ്എയ്ക്കും ചൈനയ്ക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായി യുഎഇ മാറി. 2022 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്ന സിഇപിഎ കരാറിന് കീഴില്‍ ഉഭയകക്ഷി വ്യാപാരം ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചതായി രണ്ട് മന്ത്രിമാരും അഭിപ്രായപ്പെട്ടു. 2022 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഏകദേശം 16 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇത് വര്‍ഷം തോറും 24% വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. അതേ കാലയളവില്‍ ഇന്ത്യയുടെ ഇറക്കുമതി 38 ശതമാനം വര്‍ധിച്ച് 28.4 ബില്യണ്‍ യുഎസ് ഡോളറിലെത്തിയെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.