നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിന് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

Unidentified caller threatens to blow up RSS HQ in Nagpur
 

മുംബൈ: നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തിന് ബോംബ് ഭീഷണി. ആർ എസ് എസ് ആസ്ഥാനം ബോംബ് വെച്ച് തകർക്കുമെന്ന് അജ്ഞാതൻ ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ബോംബ് ഭീഷണിയെ തുടർന്ന് ആർ എസ് എസ് ആസ്ഥാനത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ആസ്ഥാനത്തിന് സമീപം താമസിക്കുന്നവരുടെ നീക്കങ്ങളും സുരക്ഷാ സേന നിരീക്ഷിക്കുന്നുണ്ട്.


ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺകോൾ വന്നത്. ആർഎസ്എസ് ആസ്ഥാനത്ത് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. എന്നാൽ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡും (ബിഡിഡിഎസ്) ഡോഗ് സ്ക്വാഡും പരിസരം വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഡിസിപി സോൺ III ഗോരഖ് ഭാമ്രെ പറഞ്ഞു.
  
ബോംബ് ഭീഷണിയെ തുടർന്ന് നഗരത്തിൽ പോലീസ് പരിശോധനയും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ഫോൺ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാണെന്നും പോലീസ് വക്താക്കൾ വ്യക്തമാക്കി.

കേന്ദ്ര റിസർവ് ഫോഴ്‌സിന്റെയും നാഗ്പൂർ പൊലീസിന്റെയും സൈനികർക്ക് പുറമേ സുരക്ഷാ നടപടിയായി ആസ്ഥാനത്ത് അധിക സേനയെ വിന്യസിച്ചിട്ടുണ്ട്.