ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പുകള്‍ക്കെതിരെ ലോകാരോഗ്യസംഘടന; ഈ മരുന്നുകള്‍ക്ക് കുട്ടികള്‍ക്ക് നല്‍കരുത്

cough syrup
 

 

ന്യൂഡല്‍ഹി: നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന രണ്ട് കഫ് സിറപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ഉസ്ബക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ആംബ്രോണോള്‍ സിറപ്പ്, ഡോക്ക് -1- മാക്‌സ് സിറപ്പ് എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. 

സാംപിളുകള്‍ പരിശോധിച്ചതില്‍ ഈ രണ്ടും മരുന്നുകള്‍ക്കും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയെന്നും ഈ മരുന്നില്‍ കുട്ടികളുടെ ശരീരത്തിന് താങ്ങാവുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അല്ലെങ്കില്‍ എത്തിലീന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന അറിയിച്ചു.

കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെകിന്റെ മരുന്നുകള്‍ കഴിച്ച് 19 കുട്ടികള്‍ മരിച്ചതായി ഉസ്ബക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് മാരിയോണ്‍ ബയോടെക് കമ്ബനിയുടെ പ്രൊഡക്ഷന്‍ ലൈസന്‍സ് ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 70 കുട്ടികളുടെ മരണത്തിന് കാരണമായത് നാല് ഇന്ത്യന്‍ കമ്ബനികളുടെ ചുമയ്ക്കുള്ള മരുന്നുകളാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.