വാട്‌സ്ആപ്പ് ഇന്ത്യ തലവനും മെറ്റ പോളിസി മേധാവിയും രാജിവെച്ചു

WhatsApp India Head And Meta India Public Policy Head Resign
 

ന്യൂഡൽഹി: വാട്സാപ്പിന്റെ ഇന്ത്യൻ മേധാവി അഭിജിത് ബോസ് രാജിവച്ചു. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യൻ മേധാവി അജിത് മോഹൻ രാജിവച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അഭിജിത്തിന്റെ രാജി. മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാളും രാജിവച്ചു. മെറ്റ പ്രസ്താവനയിലൂടെയാണ് അഭിജിത്തിന്റെ രാജി അറിയിച്ചത്. 

മറ്റു അവസരങ്ങൾ കണ്ടെത്താനായാണ് രാജീവ അഗർവാൾ കമ്പനി വിട്ടതെന്നും അദ്ദേഹത്തിന് ആശംസകൾ നേരുന്നുവെന്നും പറഞ്ഞു. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ സിഇഒയായ അഭിജിത് ബോസിനു വാട്സ്ആപ്പ് സിഇഒ വിൽ കാത്കാർട്ട് ആശംസകൾ അറിയിച്ചു. അതേസമയം, മെറ്റയുടെ ഇന്ത്യയിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലെയും പബ്ലിക് പോളിസി ഡയറക്ടറായി ശിവ്‌നാഥ് തുക്രാലിനെ നിയമിച്ചതായും കമ്പനി അറിയിച്ചു.
  
ട്വിറ്ററിന് പിന്നാലെ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ നടന്നിരുന്നു. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് സാമൂഹ്യ മാധ്യമങ്ങളുടെ മാതൃസ്ഥാപനമായ മെറ്റ, തങ്ങളുടെ 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്നണ് പ്രഖ്യാപിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറകടക്കാനാണ് നീക്കമെന്ന് കമ്പനി അറിയിച്ചു. 13 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ടെക്‌നോളജി വ്യവസായ രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇത്.