ജയിലിൽ നിരാഹാര സമരം; ആരോഗ്യനില വഷളായതിനെ തുടർന്ന് യാസീൻ മാലികിനെ ആശുപത്രിയിലേക്ക് മാറ്റി

Financial support for terrorist activities-Yasin Malik jailed for life
 

ന്യൂഡൽഹി: ജയിലിൽ നിരാഹാര സമരം നടത്തുന്ന കശ്മീരി വിഘടനവാദി നേതാവ് യാസീൻ മാലികിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ജയിൽ ആശുപത്രിയിലേക്ക് മാറ്റി. നിർജലീകരണം തടയാൻ അദ്ദേഹത്തിന് നൽകിയതായി ജയിൽ അധികൃതർ അറിയിച്ചു.

തങ്ങൾ അദ്ദേഹത്തോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യനില വഷളായാൽ കനത്ത സുരക്ഷയിൽ പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്നും തിഹാർ ജയിൽ അധികൃതർ വ്യക്തമാക്കി.

തീവ്രവാദ ഫണ്ടിങ് കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട യാസീൻ മാലിക് തിഹാർ ജയിലിൽ അതീവ സുരക്ഷാ സെല്ലിലാണ് കഴിയുന്നത്. റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജമ്മു കശ്മീർ കോടതിയിൽ നേരിട്ട് ഹാജരാകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ കത്തിന് കേന്ദ്രസർക്കാർ മറുപടി നൽകാത്തതിൽ പ്രതിഷേധിച്ചാണ് യാസീൻ മാലിക് നിരാഹാരം സമരം നടത്തുന്നത്. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം സമരം തുടങ്ങിയത്.