‘നിങ്ങൾ അധികാരത്തിന്റെ ലഹരിയിലാണ്’; കേജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി അണ്ണാ ഹസാരെ

Anna Hazare
 

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കേജ്‍രിവാൾ അധികാരത്തിന്റെ ലഹരിയിലാണെന്ന്, അദ്ദേഹത്തിന് അയച്ച കത്തിൽ അണ്ണാ ഹസാരെ ആരോപിച്ചു. 

‘മദ്യം പോലെ അധികാരവും മത്തു പിടിപ്പിക്കും. നിങ്ങൾക്ക് അധികാരത്താൽ മത്തു പിടിച്ചിരിക്കുകയാണ്’– സർക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ച് കേജ്‌രിവാളിന്റെ ഗുരു കൂടിയായിരുന്ന അണ്ണാ ഹസാരെ കുറിച്ചു.

രാഷ്ട്രീയത്തില്‍ പ്രവേശിച്ചശേഷം കേജ്രിവാള്‍ ആദര്‍ശവും ആശയവും മറന്നുവെന്നും ഹസാരെ കുറ്റപ്പെടുത്തി.  മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായാണ് നിങ്ങള്‍ക്ക് കത്തെഴുതുന്നത്. ദില്ലി സർക്കാരിന്റെ പുതിയ മദ്യനയം ഏറെ വേദനിപ്പിച്ചതിനെ തുടര്‍ന്നാണ് കത്തെഴുതിയത്. ഞാൻ ആമുഖം എഴുതിയ ‘സ്വരാജ്’ എന്ന നിങ്ങളുടെ ബുക്കിൽ മദ്യനയത്തെക്കുറിച്ച് ആദർശപരമായ കാര്യങ്ങൾ നിങ്ങൾ പങ്കുവെച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായ ശേഷം എല്ലാം മറന്നെന്നും ഹസാരെ ആരോപിച്ചു.

കേജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെയുള്ളവർ ചേർന്നു രൂപീകരിച്ച ആം ആദ്മി പാർട്ടി (എഎപി)‌ ഇപ്പോൾ മറ്റു പാർട്ടികളിൽ‌നിന്ന് യാതൊരു വ്യത്യാസവും ഇല്ലാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഹസാരെ വിമർശിച്ചു. അനർഹരായവർക്ക് മദ്യലൈസൻസ് നൽകിയെന്ന് ചൂണ്ടിക്കാട്ടി സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ 15 പ്രതികളിൽ ഒരാളാണ് ഡൽഹി ഉപമുഖ്യമന്ത്രി കൂടിയായ സിസോദിയ.
 
2011ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽനിന്നാണ് ആം ആദ്മി പാർട്ടിയുടെ ഉദയം. അഴിമതി തുടച്ചുനീക്കുമെന്ന മുദ്രാവാക്യം മുഖമുദ്രയാക്കി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ അനുഗ്രഹം മാത്രം നൽകി പാർട്ടി രാഷട്രീയത്തിൽനിന്നു മാറിനിൽക്കുകയാണ് അണ്ണാ ഹസാരെ ചെയ്തത്.