രാജ്യത്ത് എവിടെ താമസിച്ചാലും സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താം; നടപടികള്‍ക്ക് തുടക്കമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

election commission of india
 

ന്യൂ ഡല്‍ഹി: സ്വന്തം നാടുവിട്ട് അന്യസംസ്ഥാനങ്ങളില്‍ താമസിക്കുന്ന പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ സംവിധാനമൊരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി റിമോട്ട് വോട്ടിംഗ് മെഷീനുകള്‍ പരീക്ഷിക്കാനാണ് ആലോചന.

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി മള്‍ട്ടി കോണ്‍സ്റ്റിറ്റിയുവന്‍സി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ അഥവാ ആര്‍വിഎം ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകള്‍ ഒറ്റ മെഷീനില്‍ രേഖപ്പെടുത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ, ആര്‍വിഎം തെരഞ്ഞെടുപ്പുകളില്‍ ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

അതേസമയം, 130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് മുപ്പത് കോടിയിലധികം പേരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാത്തതിന് പ്രധാന കാരണം  കുടിയേറ്റമാണെന്ന നിഗമനത്തിലാണ് പുതിയ തീരുമാനം. എന്നാല്‍ പുതിയ സംവിധാനം ഒരുക്കുന്നതിന് വെല്ലുവിളികളേറെയാണ്. ഇക്കാര്യമാണ് ജനുവരി 16ന് രാഷ്ട്രീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച ചെയ്യും. പദ്ധതിയുടെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് ഇതിനോടകം പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. ശനിയാഴ്ചയ്ക്കകം രേഖാമൂലം പാര്‍ട്ടികള്‍ ഇതിന് മറുപടി നല്കണം.