അഞ്ചു രൂപ കടംപറഞ്ഞു; ആദിവാസി യുവാവിനെ ഹോട്ടലുടമ നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു

A tribal youth is being beaten mercilessly by a hotel owner and his son for not paying Rs. 5
 

ഭുവനേശ്വര്‍: ഭക്ഷണം കഴിച്ച ശേഷം അഞ്ചു രൂപ കടംപറഞ്ഞതിന് ആദിവാസി യുവാവിനെ ഹോട്ടലുടമയും മകനും ചേര്‍ന്ന് നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു. വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് ഹോട്ടലുടമയെ അറസ്റ്റ് ചെയ്തു. 

ഒഡിഷയിലെ കിയോഞ്ചാര്‍ ജില്ലയിലാണ് സംഭവം. മധു സാഹു എന്നയാളുടെ മാ ഹോട്ടലില്‍ നിന്നാണ് ജിതേന്ദ്ര ദെഹൂരി എന്ന യുവാവ് ഭക്ഷണം കഴിച്ചത്. 45 രൂപയാണ് ബില്ല് നല്‍കിയത്. എന്നാല്‍ പോക്കറ്റില്‍ 40 രൂപ മാത്രം ഉണ്ടായിരുന്ന ദേഹുരി അഞ്ചുരൂപ പിന്നെ തരാം എന്ന് പറഞ്ഞു. എന്നാല്‍ ഹോട്ടലുടമ ഇത് സമ്മതിച്ചില്ല. കുപിതനായ ഹോട്ടലുടമയും മകനും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. 

റോഡരികില്‍ വെച്ച്‌ ഇരുവരും ചേര്‍ന്ന് ജിതേന്ദ്രയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പരിസരത്തുണ്ടായിരുന്നവര്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.

ചോറും പയറും പച്ചക്കറിയും ചേര്‍ന്ന ഭക്ഷണത്തിന്  45 രൂപയാകുന്നത് എങ്ങനെ എന്ന് ദേഹുരി ചോദിക്കുന്നു. അഞ്ചുരൂപ അടുത്ത തവണ തരാമെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ല. നടുറോഡില്‍ മറ്റുള്ളവര്‍ കാണ്‍കെ തന്നെ ഒരു ദയയുമില്ലാതെ മര്‍ദ്ദിച്ചതായി ദേഹുരി പറയുന്നു. 

സംഭവത്തില്‍ കേസെടുത്ത പൊലീസ് ഹോട്ടലുടമയായ മധു സാഹുവിനെ അറസ്റ്റ് ചെയ്തു. അതേസമയം, ഇയാളുടെ മകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല.