നവജാത ശിശുവിനെ മൂന്നര ലക്ഷം രൂപക്ക്​ വിൽക്കാൻ ശ്രമിച്ച യുവതിയെ പിടികൂടി

baby

ന്യൂഡൽഹി: നവജാത ശിശുവിനെ മൂന്നര ലക്ഷം രൂപക്ക്​ വിൽക്കാൻ ശ്രമിച്ച യുവതിയെ പിടികൂടി. പ്രിയങ്കയെന്ന​ യുവതിയാണ് പിടിയിലായത്​. രക്ഷപെടുത്തിയ കുട്ടിയെ ചിൽഡ്രൻസ്​ ഹോമിലാക്കി. നാഷനൽ കമീഷൻ ഫോർ ​പ്രൊട്ടക്ഷൻ ​ഓഫ്​ ചൈൽഡ്​ റൈറ്റ്​സ്​ നടത്തിയ ഓപറേഷനിലാണ് യുവതിയെ പിടികൂടാനായത്. കൃത്രിമ ഗർഭധാരണത്തിനായി പ്രവർത്തിക്കുന്ന ഒരു ഡയഗനോസ്റ്റിക്​ സെന്‍ററിലെ ഏജന്‍റാണ്​ പ്രിയങ്ക.

കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്​ഥാനത്തിൽ എൻസിപിസിആർ അധ്യക്ഷൻ പ്രിയാങ്ക്​ കനൂ​ങ്കോയാണ്​ യുവതിയുമായി ബന്ധപ്പെട്ടത്​. കുഞ്ഞിനെ ആവശ്യമായ യുവതിയുടെ സഹോദരൻ എന്നാണ്​ പ്രിയാങ്ക്​ പരിചയപ്പെടുത്തിയത്​. പ്രിയാങ്കിന്‍റെ ഔദ്യോഗിക മൊബൈലിൽ വിളിച്ച യുവതി പെൺകുട്ടിയെ മൂന്നര ലക്ഷം രൂപക്ക്​ വിൽക്കാമെന്ന്​ അറിയിക്കുകയായിരുന്നു. 

മുൻകൂറായി 25000 രൂപ നൽകണമെന്ന്​ അവർ അറിയിച്ചു. ബാക്കി തുക കുട്ടിയെ കൈമാറിയ ശേഷം നൽകിയാൽ മതിയെന്നാണ്​ യുവതി പറഞ്ഞത്​. പശ്ചിം വിഹാറിലുള്ള സായി ബാബ ക്ഷേത്രത്തിൽ എത്താനാണ്​ യുവതി പ്രിയാങ്കിനോട്​ ആവശ്യപ്പെട്ടു. പ്രിയങ്ക എന്ന പേരിലുള്ളയാളുടെ ഗൂഗിൾ പേ അക്കൗണ്ട്​ വിവരങ്ങളും കൈമാറി. ഡൽഹി പൊലീസ്​ സംഘത്തിനൊപ്പമാണ്​ പ്രിയാങ്ക്​ സ്​ഥലത്തെത്തിയത്​.

അൽപസമയത്തിന്​ ശേഷം പ്രിയങ്ക കുട്ടിയുമായി ക്ഷേത്രത്തിലെത്തി. പ്രിയാങ്കിനോട്​ മുൻകൂറായി നൽകാമെന്ന്​ പറഞ്ഞ 25000 രൂപ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പ്രതിയെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ്​ ആക്​ടിലെയും അനുബന്ധ വകുപ്പുകൾ ചുമത്തി അറസ്റ്റ്​ ചെയ്​തു.