'മൻ കി ബാത്തിന്' 830 കോടി ചെലവഴിച്ചെന്ന് ട്വീറ്റ്; എ.എ.പി നേതാവിനെതിരെ കേസെടുത്തു

google news
AAP Gujarat chief says 830 crore spent on Mann Ki Baat
 

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 100 എപ്പിസോഡുകൾക്കായി കേന്ദ്രസർക്കാർ 830 കോടി രൂപ ചെലവഴിച്ചെന്ന് ട്വീറ്റ് ചെയ്ത ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് അധ്യക്ഷൻ ഇസുദൻ ഗദ്‍വിക്കെതിരെ പൊലീസ് കേസെടുത്തു.

'മൻ കി ബാത്തിന്റെ ഒരു എപ്പിസോഡിന്റെ വില 8.3 കോടി രൂപ! അതായത് 100 എപ്പിസോഡുകൾക്കായി കേന്ദ്രം ഇതുവരെ 830 കോടി രൂപ ചെലവഴിച്ചു. ഇത് വളരെ കൂടുതലാണ്. ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തണം. കാരണം അവരാണ് ഈ പരിപാടി കൂടുതലായും കേൾക്കുന്നത്...' എന്നായിരുന്നു ഗദ്‍വിയുടെ ട്വീറ്റ്. ഏപ്രിൽ 28നാണ് മൻ കി ബാത്തിനെതിരെ ഗദ്‌വി ട്വീറ്റ് ചെയ്തത്.  
 
അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചുവെന്ന പരാതിയിലാണ് കേസെടുത്തതെന്ന് സൈബർ ക്രൈം ബ്രാഞ്ച് അറിയിച്ചു. വ്യാജ എഫ്ഐആർ റജിസ്റ്റർ ചെയ്ത് നേതാക്കളെ അപമാനിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്ന് ആരോപിച്ച് എഎപി രംഗത്തെത്തി. 
 
എന്നാൽ, മൻ കി ബാത്തിന്റെ 100 പതിപ്പുകളുടെ പരസ്യത്തിനും മറ്റുമായി ആകെ 8.3 കോടി രൂപയാണ് ചെലവഴിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) അറിയിച്ചു. 
അതേസമയം, വിവാദമായതോടെ ഗദ്‍വി ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു.

Tags