സൈന നെഹ്‍വാളിനെതിരായ വിവാദ ട്വീറ്റ്; നടന്‍ സിദ്ധാര്‍ഥിന് വനിതാ കമ്മീഷന്‍റെ നോട്ടീസ്

NWC send notice to Actor Siddharth Tweet On Badminton Star Saina Nehwal's Post
 

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാളിനെതിരായ വിവാദ ട്വീറ്റില്‍ ചലച്ചിത്ര താരം സിദ്ധാര്‍ഥിനെതിരേ ദേശീയ വനിതാ കമ്മീഷന്‍. സൈനയ്‌ക്കെതിരേ ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വനിതാ കമ്മീഷന്‍ താരത്തിന് നോട്ടീസ് അയച്ചു.  സിദ്ധാര്‍ഥിന്‍റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

വിഷയത്തിൽ മഹാരാഷ്ട്രാ ഡി.ജി.പി യോട് സിദ്ധാര്‍ഥിനെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും ട്വിറ്റർ ഇന്ത്യ അധികൃതരോട് സിദ്ധാര്‍‌ഥിന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടതായും ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു.

"ഇയാളെ ഒരു പാഠം പഠിപ്പിച്ചേ തീരൂ. ഇപ്പോഴും ഇയാളുടെ അക്കൗണ്ട് എങ്ങനെയാണ് ട്വിറ്ററിൽ നിലനിൽക്കുന്നത്. ഉടൻ അത് ബ്ലോക്ക് ചെയ്യണം"- വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ട്വീറ്റ് ചെയ്തു.

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച്ചയെ അപലപിച്ച് സൈനാ നെഹ്‍വാള്‍ ചെയ്ത ട്വീറ്റിനെയാണ് സിദ്ധാര്‍ഥ് പരിഹസിച്ചത്.

'സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍, ആ രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് ഞാന്‍ ഇക്കാര്യത്തില്‍ അപലപിക്കുന്നു. അരാജകവാദികള്‍ പ്രധാനമന്ത്രിക്കെതിരേ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്.' ഇതായിരുന്നു സൈനയുടെ ട്വീറ്റ്.

ഈ ട്വീറ്റ് മെന്‍ഷന്‍ ചെയ്ത് സൈനയെ" subtle cock champion" എന്നും നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു എന്നും പറഞ്ഞാണ് സിദ്ധാര്‍ഥ് പരിഹസിച്ചത്. ഇതാണ്താരത്തെ കുരുക്കിയത്. ഇതോടെ സിദ്ധാര്‍ഥ് വിശദീകരണവുമായി രംഗത്തെത്തി. ആ വാക്ക് മോശം രീതിയില്‍ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചതെന്നും സിദ്ധാര്‍ഥ് വിശദീകരിച്ചു.