ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ചോദ്യം ചോദിക്കാന്‍ പശ്ചിമ ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. വിഷയത്തിൽ ബിജെപി നേതാക്കൾ എംപിക്കെതിരെ രൂക്ഷ വിമർശനവും നടപടിയും ആവശ്യപ്പെട്ടിരിക്കെയാണ് അദാനി ഗ്രൂപ്പും പരസ്യ പ്രസ്താവന ഇറക്കിയത്.
മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനായി പ്രമുഖ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് എം.പി. കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. സുപ്രീംകോടതി അഭിഭാഷകനായ ജയ് അനന്ത് ദെഹ്ദ്രായി സി.ബി.ഐയില്‍ സത്യവാങ്മൂലമായി പരാതി നല്‍കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് പ്രതികരണവുമായി രംഗത്തെത്തിയത്. നേരത്തെ, അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം താഴേയ്ക്കുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒ.സി.സി.ആര്‍.പി. അടക്കം ചില അന്തര്‍ദേശീയ മാധ്യമങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു.
കോഴ ആരോപണ പരാതിയിൽ ലോക്സഭാ സെക്രട്ടേറിയേറ്റിന്റെ തീരുമാനം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംപിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ ആനന്ദ് ദെഹദ്രായ് സിബിഐക്ക് പരാതി നൽകി. ഹിരാ നന്ദാനി ഗ്രൂപ്പുമായുള്ള മഹുവ മൊയിത്രയുടെ ബന്ധം വ്യക്തമാക്കുന്ന രേഖകൾ കൈമാറിയെന്നാണ് വിവരം. ആനന്ദ് ദെഹദ്രായാണ് മഹുവയ്ക്കെതിരായ വിവരങ്ങൾ നിഷികാന്ത് ദുബൈ എംപിക്കും കൈമാറിയത്. തനിക്കെതിരെ പരാതി നൽകിയ നിഷികാന്ത് ദുബൈ വ്യാജ സത്യവാങ്മൂലം നൽകിയതിൽ ആദ്യം അന്വേഷണം നടക്കട്ടെയെന്നാണ് മഹുവ മൊയിത്ര ഇന്ന് ട്വീറ്റ് ചെയ്തത്.
അതേസമയം, മഹുവ മൊയ്ത്രയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി നിഷികാന്ത് ദുബെ രംഗത്തെത്തി. ലോക്‌സഭാ വെബ്‌സൈറ്റിന്റെ ലോഗിന്‍ ഐ.ഡിയും പാസ്വേഡും അടക്കം ഹിരാനന്ദാനിയ്ക്കും റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഹിരാനന്ദാനിയ്ക്കും നല്‍കിയോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ഐ.ടി. മന്ത്രി അശ്വിനി വൈഷണവിനും സഹമന്ത്രി രാജീവ് ചന്ദ്രശേഖരനും കത്ത് നല്‍കി. ദേശീയ സുരക്ഷയടക്കം ബാധിക്കുന്ന വിഷയമാണിതെന്ന് ദുബെ കത്തില്‍ ആരോപിക്കുന്നു. മഹുവയുടെ സാന്നിധ്യമില്ലാതിരുന്ന സ്ഥലങ്ങളില്‍നിന്ന് വെബ്‌സൈറ്റിലേക്ക് ലോഗിന്‍ ചെയ്‌തോയെന്നതടക്കം അന്വേഷിക്കണമെന്നും ബി.ജെ.പി. എം.പി. ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം