വിജയ് രൂപാണിക്ക് പകരമാര്? ബിജെപിയിൽ ചര്‍ച്ചകള്‍ സജീവം; ലിസ്റ്റില്‍ കേന്ദ്രമന്ത്രിമാരും

vijay
 

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി രാജിവെച്ചതിന് പിന്നാലെ പകരം സ്ഥാനത്തേക്ക് ആരെന്ന ആരെന്ന കാര്യത്തില്‍ ബിജെപിയില്‍ ചര്‍ച്ച സജീവം. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കാര്‍ഷിക മന്ത്രി ആര്‍ സി ഫാല്‍ദു, കേന്ദ്രമന്ത്രിമാരായ പുരുഷോത്തമന്‍ രൂപാല, മന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ ബിജെപി ഇത് സംബന്ധിച്ച് സൂചനകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് രൂപാണിയുടെ രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ പ്രധാന നേതാക്കളുടെ താല്‍പര്യത്തിനനുസരിച്ചായിരിക്കും പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക. 
 
നിയമസഭ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് വിജയ് രൂപാണി രാജിവച്ചത്. രൂപാണിയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര,സംസ്ഥാന നേതൃത്വങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ഒരു സൂചനയുമില്ലാതെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചത്. രാജിക്ക് പിന്നാലെ, നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിജെപി പ്രവര്‍ത്തകര്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. 

  
 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് മുതല്‍ ശക്തികേന്ദ്രമായ ഗുജറാത്തില്‍ ബി.ജെ.പിക്ക് ഒരു ശക്തമായ മുഖമില്ലെന്നതാണ് വസ്തുത. കേശുഭായ് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്ന് 2001ല്‍ ആണ് ആദ്യമായി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. പിന്നീട് 2002, 2007, 2012 വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് മോദി മൂന്ന് തവണ കൂടി ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014ല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതോടെയാണ് 13 വര്‍ഷത്തിന് ശേഷം പുതിയൊരു മുഖ്യമന്ത്രി എത്തിയത്. ആനന്ദി ബെന്‍ പട്ടേലാണ് മോദിയുടെ പിന്‍ഗാമിയായി സ്ഥാനമേറ്റത്. 

2017ല്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിജയ് രൂപാണിയെ ആനന്ദി ബെന്‍ പട്ടേലിന് പകരം മുഖ്യമന്ത്രിയാക്കിയിട്ടും ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് കോണ്‍ഗ്രസ് സഖ്യം നടത്തിയത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിന് ശേഷം ആകെ 182 സീറ്റുകളില്‍ 99 എണ്ണം ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് സഖ്യം 77 സീറ്റുകള്‍ നേടി. 

ഗുജറാത്തില്‍ മോദി ജനകീയനായ നേതാവാണ്, കാര്‍ക്കശ്യക്കാരനായ ഭരണാധികാരിയാണ്. മോദിയെപ്പോലെ ഒരു നേതാവിനെ ലഭിച്ചില്ലെങ്കിലും സംസ്ഥാനത്ത് ബിജെപിയുടെ കരുത്ത് ചോരാതിരിക്കാന്‍ ഒരു പുതിയ നേതാവിനെ പാര്‍ട്ടിക്ക് അത്യാവശ്യമാണ് ഈ ഘട്ടത്തില്‍.