അജയ് മിശ്രയെ പുറത്താക്കണം; ഒരുമിച്ച് വേദി പങ്കിടരുത്; മോദിക്ക് കത്തയച്ച് പ്രിയങ്കാ ഗാന്ധി

priyanka gandhi

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തച്ചു. കേന്ദ്രമന്ത്രി അജയ് മിശ്രയുമായി പ്രധാനമന്ത്രി വേദി പങ്കിടരുതെന്ന് കത്തില്‍ പറയുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനുപിന്നാലെ വിവാദ മന്ത്രിയോടൊപ്പം വേദി പങ്കിടുന്നത് തെറ്റാണ്. ഇന്നത്തെ ഡിജിപിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കരുതെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ബിജെപി അട്ടിമറിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലാണ് മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ആരോപണം നേരിടുന്നത്. ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടി ഉതിര്‍ത്തിരുന്നതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയിലാണ് നേരത്തെ ആശിഷ് മിശ്ര സ്വീകരിച്ച നിലപാടിനെ തള്ളുന്ന തെളിവ് ലഭ്യമായത്. വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കര്‍ഷകര്‍ക്കു നേരേ ആശിഷ് മിശ്ര വെടിവെച്ചു എന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്.

കര്‍ഷകര്‍ക്കിടയിലെക്ക് വാഹനം ഒടിച്ചുകയറ്റി എന്നതിനൊപ്പം ആ സമയത്ത് ആശിഷ് മിശ്രയും കൂട്ടാളികളും കര്‍ഷകര്‍ക്കു നേരേ വെടിവച്ചതായി ആദ്യം മുതലെ കര്‍ഷകര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് തുടക്കം മുതലേ ആശിഷ് മിശ്രയെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയങ്കാ ഗാന്ധിയെ യുപി പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.