അമൃത്പാൽ സിങ് കീഴടങ്ങിയേക്കും; സുവർണ ക്ഷേത്രത്തിന് സുരക്ഷ ശക്തമാക്കി; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

google news
Amritpal Singh may surrender
 

അമൃത്സര്‍: ഒളിവില്‍ കഴിയുന്ന വാരിസ് പഞാബ് ദേ തലവനും ഖലിസ്താന്‍ വാദിയുമായ അമൃത്പാല്‍ സിങ് കീഴടങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അമൃത്പാല്‍ പഞ്ചാബിലെത്തിയെന്നും താമസിയാതെ പോലീസില്‍ കീഴടങ്ങിയേക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമമായ ഇന്ത്യാടുഡേ റിപ്പോര്‍ട്ടു ചെയ്തു. 

പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെത്തി അമൃത്പാല്‍ കീഴടങ്ങിയേക്കുമെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ സുവർണ ക്ഷേത്രത്തിന് മുൻപിൽ പൊലീസ് സുരക്ഷ ശക്തമാക്കി. അമൃത്പാലിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ചൊവ്വാഴ്ച അമൃത്സറിലെത്താന്‍ ഇയാള്‍ ശ്രമം നടത്തുന്നതായി പോലീസിനു സൂചന ലഭിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ വീണ്ടും പോലീസിനെ വെട്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. കഴിഞ്ഞ പത്തു ദിവസങ്ങളായി അമൃത്പാലിനായുള്ള തിരച്ചില്‍ തുടരുകയാണ്. കീഴടങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ അമൃത്സറിലും സുവര്‍ണ്ണ ക്ഷേത്രത്തിന്റെ പരിസരത്തും മറ്റും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയത്.

പഞ്ചാബിന് പുറമെ ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും നേപ്പാളിലും പൊലീസ് അന്വേഷണം നടത്തി. പല രൂപങ്ങളിലുള്ള അമൃത്പാലിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ പലയിടങ്ങളിൽ നിന്നായി പുറത്ത് വന്നിരുന്നു. ഉപാധികളോടെ അമൃത്പാൽ സിങ് അമൃത്സറിൽ വെച്ച് പഞ്ചാബ് പൊലീസിന് മുന്നിൽ കീഴടങ്ങിയേക്കുമെന്നാണ് സൂചന.  

Tags