ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: ആര്യന്‍ ഖാന്‍റെ ജാമ്യഹര്‍ജിയില്‍ വാദംകേള്‍ക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

aryan khan
 

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. വാദം കേള്‍ക്കുന്നത് മാറ്റിവെച്ച സാഹചര്യത്തില്‍ ഇന്നും ആര്യന്‍ ഖാന്‍ ജയിലില്‍ തുടരും. ഹര്‍ജിയില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് വാദം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ആണ് ജാമ്യഹര്‍ജിയെ എതിര്‍ത്ത് മുംബൈ പ്രത്യേക കോടതിയില്‍ ഹാജരാവുക. ആര്യന്‍ ഖാന് ജാമ്യം അനുവദിക്കുന്നതിനെതിരേ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ അമിത് ദേശായി ബുധനാഴ്ച ഒന്നര മണിക്കൂറോളം ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ വാദിച്ചിരുന്നു. ആര്യന്റെ പക്കല്‍നിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍, ഇത് ലഹരിമരുന്നുമായി ബന്ധപ്പെട്ട അതീവഗുരുതര കേസാണെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്. തന്റെ സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റിന് മയക്കുമരുന്ന് ഇടപാട് ഉണ്ടെന്ന് ആര്യന് അറിയാമായിരുന്നു. ഇപ്പോള്‍ പ്രതികളെ ജാമ്യത്തില്‍ വിടുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തും. ലഹരിമരുന്ന് കച്ചവടത്തെക്കുറിച്ച് ആര്യന്‍ ഖാന്‍ ഒരു വിദേശപൗരനുമായി ചാറ്റ് ചെയ്തതിന്റെ തെളിവുകള്‍ എന്‍സിബി കണ്ടെത്തിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.