ലഖിംപൂര്‍ സംഘര്‍ഷം: ആശിഷ് മിശ്ര അറസ്റ്റില്‍

ലഖിംപൂര്‍ സംഘര്‍ഷം: ആശിഷ് മിശ്ര അറസ്റ്റില്‍
 

ലക്‌നൗ: ലഖിംപൂര്‍ സംഘര്‍ഷത്തില്‍ കര്‍ഷകരെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റില്‍. 12 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.  

ലഖിംപുര്‍ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. സംഘര്‍ഷസമയത്ത് താന്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവര്‍ത്തിക്കുന്നത്. അന്നേദിവസം ഒരു ​ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് മിശ്ര പറയുന്നത്.

ചോദ്യം ചെയ്യലിൽ ആശിഷ് മിശ്ര സഹകരിച്ചില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. അതുകൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. ചോദ്യം ചെയ്യലിനിടയിൽ പൊരുത്തക്കേടുകൾ ഉള്ള പല പ്രസ്താവനകളും ആശിഷ് പറഞ്ഞു. ചോദ്യം ചെയ്യാനായി പ്രത്യേക ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയിരുന്നത്. 30ലധികം ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ മുഴുവൻ വിഡിയോയിൽ ചിത്രീകരിച്ചിരുന്നു.

അല്‍പ സമയത്തിനുള്ളില്‍ തന്നെ ആശിഷ് മിശ്രയെ ആരോഗ്യ പരിശോധനകള്‍ക്കായി കൊണ്ടുപോകും. തുടര്‍ന്ന് ജില്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പോലീസ് ആശിഷ് മിശ്രയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
 
ഒക്ടോബര്‍ മൂന്നിനാണ് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുര്‍ സംഘര്‍ഷം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ ആശിഷ് മിശ്ര സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഇതില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മറ്റു നാലുപേരും മരിച്ചു.