ആശിഷിനെ കുടുക്കിയത് മൊഴികളിലെ വൈരുധ്യം

ashiah mishra
ന്യൂഡൽഹി:  ലഖിംപുർ കർഷക കൊലപാതക കേസിൽ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് മൊഴികളിലെ വൈരുധ്യം. കേസിൽ പങ്കില്ലെന്ന് തെളിയിക്കാൻ ആശിഷ് പറഞ്ഞ കാര്യങ്ങൾ തെളിവുകൾ നിരത്തി പൊലീസ് ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിൽ അര മണിക്കൂർ മാത്രമാണ് ആശിഷ് സഹകരിച്ചത്. 

ടിക്കുനിയയിൽ വാഹനം കയറ്റി കർഷകരെ കൊലപ്പെടുത്തുമ്പോൾ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്ന വാദമാണ് പൊലീസിന് മുന്നിൽ ആശിഷ് ഉയർത്തിയത്. എന്നാൽ മൊബൈൽ ടവർ ലോക്കേഷൻ പരിശോധിച്ച പൊലീസ് ആശിഷിന്റെ വാദം പൊളിച്ചു. ടിക്കുനിയയിൽ തന്റെ ഉടമസ്ഥതയിലുള്ള റൈസ് മില്ലിൽ ആയിരുന്നുവെന്ന ആശിഷിന്റെ മറുപടി പൊലീസ് മുഖവിലയ്ക്കെടുത്തില്ല. വാദങ്ങൾ ദുർബലമായതോടെയാണ് അനിവാര്യമായ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. 

കർഷകർക്ക് മുകളിലൂടെ കയറിയ വാഹനം ഓടിച്ചിരുന്നത് ആശിഷിന്റെ ഡ്രൈവറാണെന്നും പൊലീസ് സ്ഥിരീകരിച്ചു. വാഹനം ഓടിച്ചിരുന്നത് തന്റെ ഡ്രൈവർ അല്ലെന്നായിരുന്നു ആശിഷിന്റെ മൊഴി. ആശിഷ് മിശ്രയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് ലഖിംപുർ ഖേരി ജില്ലാ മജിസ്ട്രറ്റ് കോടതിയിൽ നാളെ അപേക്ഷ സമർപ്പിക്കും. ജാമ്യത്തിന് പ്രതിഭാഗം ശ്രമിക്കുമെങ്കിലും കൊലപാതക കുറ്റം ചുമത്തിയിട്ടുള്ളതിനാൽ അതിനു സാധ്യതയില്ല.