
സ്വകാര്യവാഹനത്തിൽ അപ്പർ അസമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. യു.പി രജിസ്‌ട്രേഷനിലുള്ള ട്രക്ക് ആണ് ഇവരുടെ വാഹനത്തിൽ ഇടിച്ചത്. ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ അപകടസമയത്ത് വാഹനമോടിച്ചിരുന്ന ഡ്രൈവർ രക്ഷപ്പെട്ടതായാണ് വിവരം. അപകടത്തിൽ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും രാഭയുടെ മാതാവ് ആവശ്യപ്പെട്ടു.
മൊറിക്കോലോങ് പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയിലുള്ള രാഭ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുന്നതിലൂടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ സാമ്പത്തിക വിഷയങ്ങൾ ഉൾപ്പടെ നിരവധി ആരോപണങ്ങളും ഇവർക്കെതിരെ ഉണ്ടായിരുന്നു. രാഭയെ അടുത്തിടെ അഴിമതിക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
യാതൊരു സുരക്ഷയുമില്ലാതെ ഇവർ എന്തിനാണ് സ്വകാര്യ വാഹനത്തിൽ അപ്പർ അസമിലേക്ക് പോയതെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിനും ഇത് സംബന്ധിച്ച് വ്യക്തതയില്ല.