ത്രിപുര സന്ദർശനത്തിനിടെ എളമരം കരീം ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരുടെ വാഹനത്തിനു നേരെ ആക്രമണം

ത്രിപുര സന്ദർശനത്തിനിടെ എളമരം കരീം ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരുടെ വാഹനത്തിനു നേരെ ആക്രമണം
 

ന്യൂഡല്‍ഹി: ത്രിപുരയിൽ എളമരം കരീം എംപി ഉൾപ്പെടെ പ്രതിപക്ഷ എംഎൽഎമാരുടെ വാഹനത്തിനു നേരെ ആക്രമണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സംഘർഷമുണ്ടായ മേഖലകളിൽ സന്ദർശനത്തിനെത്തിയ എംപിമാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. എളമരം കരീം, സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി സെക്രട്ടറി അജോയ് കുമാർ എന്നിവർ അടങ്ങിയ സംഘത്തിനു നേരെ വിശാൽ ഘട്ടിൽ വച്ച് ആക്രമണമുണ്ടാവുകയായിരുന്നു. വാഹനങ്ങളുടെ ചില്ല് അക്രമികൾ തകർത്തു. ഇവരെ തടയാൻ പൊലീസ് ശ്രമിച്ചില്ലെന്ന് ജിതേന്ദ്ര ചൗധരി ആരോപിച്ചു.


ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനിടെ ജയ് ശ്രീറാം, ഗോ ബാക്ക് വിളികളോടെ എത്തിയവർ ആക്രമിക്കുകയായിരുന്നു. ബിജെപി ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്നും വാഹനങ്ങൾ അടിച്ചു തകർത്തതിനു പുറമെ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമം നടത്തിയെന്നും എളമരം കരീം പറഞ്ഞു. ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ് ത്രിപുരയിൽ നിലനിൽക്കുന്നത്. ബിജെപി ഗുണ്ടാ രാജാണ് അവിടെ നടക്കുന്നത്. ഇത്തരം അക്രമം കൊണ്ടൊന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തില്‍ പൊലീസ് ഇടപെടല്‍ കാര്യക്ഷമമായി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണത്തിന്‍റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

‘ബിസാൽഗാർഹ്, മോഹൻപുർ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നോതാക്കളെ ബിജെപി ഗുണ്ടകൾ ആക്രമിച്ചു. നേതാക്കൾക്ക് ഒപ്പമുണ്ടായിരുന്ന പൊലീസ് മൗനം പാലിക്കുകയാണ് ചെയ്തത്. നാളെ ബിജെപി അവിടെ വിജയറാലി സംഘടിപ്പിക്കുന്നുണ്ട്. പാർട്ടി സ്പോൺസർ ചെയ്ത കലാപത്തിന്റെ വിജയമാണ് ആഘോഷിക്കുന്നത്’– കോൺഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു.

ത്രിപുരയിൽ നടന്ന തിരഞ്ഞെടുപ്പിൽ 32 സീറ്റുകളുമായി ബിജെപി അധികാരത്തിലേറിയിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം വ്യാപകമായ അക്രമണങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഇടതുപാർട്ടികളും കോൺഗ്രസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.