ഭൂപേന്ദ്ര പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

Bhupendra Patel elected new Chief Minister of Gujarat
 

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തിനു ശേഷം കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

നിലവിൽ യുപി ഗവർണറായ ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേൽ. നാളെ തന്നെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിവരം.

ശനിയാഴ്ച വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തീരുമാനമനുസരിച്ചാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതെന്നാണ് സൂചന.  

അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രനേതൃത്വം വിജയ് രൂപാണിയുടെ രാജി ആവശ്യപ്പെട്ടത്. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് വിജയ് രൂപാണിയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍. 

മുന്‍ മുഖ്യമന്ത്രി ആനന്ദിബന്‍ പട്ടേല്‍ വിജയിച്ചിരുന്ന മണ്ഡലമായ ഘട്‌ലോദിയയില്‍ നിന്നുള്ള എംഎല്‍എയാണ് ഭൂപേന്ദ്ര പട്ടേല്‍. 1.1 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാനായിരുന്നു.