ഭൂപേഷ് ബാഗേലിനെ തടഞ്ഞ് പോലീസ്; കുത്തിയിരുന്ന് പ്രതിഷേധിച്ച് മുഖ്യമന്ത്രി; പ്രിയങ്ക അറസ്റ്റിൽ

bhupesh bagel
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുറിലേക്ക് പോയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ യുപി പോലീസ് തടഞ്ഞു. ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെയും സംഘത്തെയും പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ഭൂപേഷ് ബാഗേല്‍ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ബാഗേല്‍. 

താന്‍ സീതാപൂരില്‍ പ്രിയങ്ക ഗാന്ധിയെ കാണാനാണ് എത്തിയതെന്നും എന്നാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും ബാഗേല്‍ പറഞ്ഞു. കഴിഞ്ഞദിവസം, ബാഗേലിന്റെ വിമാനത്തിന് ലഖ്‌നൗവില്‍ ഇറങ്ങാന്‍ യുപി പോലീസ് അനുമതി നിഷേധിച്ചിരുന്നു. 

അതേസമയം ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാനെത്തിയപ്പോള്‍, യുപി പോലീസ് കസ്റ്റഡിയിലെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ 28 മണിക്കൂറായി താന്‍ യുപി പോലീസിന്റെ തടങ്കലില്‍ ആണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് തന്നെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സമാധാനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

പ്രിയങ്കയ്ക്കും പതിനൊന്നുപേര്‍ക്കും എതിരെ സീതാപുര്‍ ജില്ലയിലെ ഹര്‍ഗാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്.പ്രിയങ്കയെ വിട്ടയ്ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സീതാപൂരില്‍ പ്രതിഷേധം തുടരുകയാണ്.