മഹാസഖ്യത്തിന് വിനയായത് ഒവൈസിയുടെ സാന്നിധ്യം; എ.ഐ.എം.ഐ.എം 5 സീറ്റുകളില്‍ മുന്നില്‍

മഹാസഖ്യത്തിന് വിനയായത് ഒവൈസിയുടെ സാന്നിധ്യം; എ.ഐ.എം.ഐ.എം 5 സീറ്റുകളില്‍ മുന്നില്‍

പാട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസി എം.പിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകളില്‍ മുന്നില്‍. അമോര്‍ മണ്ഡലത്തില്‍ അക്തറുല്‍ ഇമാന്‍, കൊചാദ്മാന്‍ മണ്ഡലത്തില്‍ മുഹമ്മദ് ഇസ്ഹര്‍ ആസ്ഫി, ബഹാദൂര്‍ഗഞ്ചില്‍ മുഹമ്മദ് അന്‍സാര്‍ നയീമി എന്നിവര്‍ നേരത്തെ മുന്നിട്ടു നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് പുറമേ രണ്ട് സീറ്റുകളില്‍ കൂടി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മുന്നിലാണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖലകളില്‍ പരമ്പരാഗതമായി ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും വേരോട്ടമുള്ളയിടമാണ്.

ബി.എസ്.പി., ആർ.എൽ.എസ്.പി. എന്നിവരെ ഉൾപ്പെടുത്തിയുള്ള മുന്നണി രൂപവത്കരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്. 233 സീറ്റിലാണ് ഇവർ മത്സരിക്കാനിറങ്ങിയത്. ഇതിൽ ആറിടത്ത് മാത്രമാണ് ഈ സഖ്യം ലീഡ് ചെയ്യുന്നത്. അഞ്ചുസീറ്റുകളില്‍ എ.ഐ.എം.ഐ.എം മുന്നിട്ട് നില്‍ക്കുന്നുണ്ട്. ബി.എസ്.പി. ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

2015-ല്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം സീമാഞ്ചലിലെ ആറ് സീറ്റുകളില്‍ മത്സരിച്ചിരുന്നെങ്കിലും കാര്യമായ പ്രതിഫലനമൊന്നും ഉണ്ടാക്കാനായിരുന്നില്ല. ചില മണ്ഡലങ്ങളില്‍ രണ്ടാമതെത്തി എന്നതൊഴിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടായില്ല.