ബിൽക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ്

google news
supreme court
 

ന്യൂഡല്‍ഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹരജിയിൽ ഗുജറാത്ത് സർക്കാരിനും കേന്ദ്രസർക്കാരിനും സുപ്രിം കോടതി നോട്ടീസ് അയച്ചു. ഞെട്ടിപ്പിക്കുന്ന കുറ്റമാണ് പ്രതികൾ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. കുറ്റവാളികളെ ജയില്‍ മോചിതരാക്കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.


കേന്ദ്ര സര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും ജയില്‍ മോചിതരായ പ്രതികള്‍ക്കുമാണ് സുപ്രീംകോടതി നോട്ടീസയച്ചത്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്‍പ്പെടെ ഉണ്ടോ എന്നറിയിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യത്തെ വിവിധ ജയിലുകളില്‍ ശിക്ഷയനുഭവിച്ച് കഴിയുന്ന പ്രതികള്‍ ജയില്‍ മോചനത്തിനായി കോടതികളെ സമീപിക്കാറുണ്ട്. സര്‍ക്കാരുകള്‍ തീരുമാനമെടുക്കാറില്ലെന്നാണ് ജയിലില്‍ കഴിയുന്നവരുടെ പരാതി. അതുകൊണ്ടുതന്നെ ഈ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ എങ്ങനെ ജയില്‍ മോചിതരാക്കി എന്നറിയണമെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് കെ.എം. ജോസഫ് അഭിപ്രായപ്പെട്ടു.
 

എന്നാൽ പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹരജി നിലനിൽക്കില്ലെന്ന് ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. 
 
ശിക്ഷാ ഇളവിനെതിരേ ബില്‍ക്കീസ് ബാനുവിന് പുറമെ സി.പി.എം. നേതാവ് സുഭാഷിണി അലി, ലോക്സഭാംഗം മഹുവ മൊയ്ത്ര, മാധ്യമപ്രവര്‍ത്തക രേവതി ലൗല്‍, രൂപ് രേഖ വര്‍മ, ദേശീയ മഹിളാ ഫെഡറേഷന്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അടുത്ത മാസം 18 ന് കേസ് വീണ്ടും പരിഗണിക്കും.

Tags