മമതക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു; ഭവാനിപൂരില്‍ ത്രികോണ മത്സരം

mamata
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജനവിധി തേടുന്ന ഭവാനിപൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. യുവ അഭിഭാഷകയും, ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റുമായ പ്രിയങ്ക ടിബ്രെവാള്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥി. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ബിജെപിക്ക് വേണ്ടി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹാജരായിരുന്നത് പ്രിയങ്കയാണ്. 

മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ ലീ​ഗൽ അഡ്വൈസറായിരുന്ന പ്രിയങ്ക ടിബ്രെവാള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി 2014 ലാണ് ബിജെപിയില്‍ ചേരുന്നത്. 2015 ല്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് മല്‍സരിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിനോട് പരാജയപ്പെട്ടു. 2020 ഓഗസ്റ്റിലാണ് പ്രിയങ്ക ഭാരതീയ ജനത യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റാകുന്നത്. 

മമതക്കെതിരെ യുവനേതാവിനെ അണിനിരത്തി, തൃണമൂല്‍ ശക്തികേന്ദ്രമായ ഭവാനിപൂരില്‍ ഗ്ലാമര്‍ പോരാട്ടത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഭവാനിപൂരില്‍ മമതക്കെതിരെ മല്‍സരിക്കുമെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. യുവ അഭിഭാഷകനായ ശ്രീജിബ് ബിശ്വാസാണ് സിപിഎം സ്ഥാനാര്‍ത്ഥി.