തമിഴ്നാട് ധനമന്ത്രിയുടെത് എന്നാരോപിച്ച് ഒരു ശബ്ദരേഖ കൂടി പുറത്തുവിട്ട് അണ്ണാമലൈ; കൃത്രിമമായി സൃഷ്ടിച്ചതെന്ന് ധനമന്ത്രി

google news
BJP leader Annamalai releases alleged audio of T N Finance Minister Palanivel Thiaga Rajan
 

ചെന്നൈ: ഡി.എം.കെയെ പിടിച്ചുലച്ച് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍റേതെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ പുറത്ത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകന്‍ ഉദയനിധിയും മകളുടെ ഭര്‍ത്താവ് ശബരീശനും നിയമവിരുദ്ധമായി കോടികള്‍ സമ്പാദിക്കുന്നുണ്ടെന്ന് പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. എന്നാല്‍ ആ ശബ്ദം തന്‍റേതല്ലെന്നും കൃത്രിമമായി സൃഷ്ടിച്ചതാണെന്നുമാണ് പളനിവേലിന്‍റെ അവകാശവാദം.

അഴിമതിപ്പണം കൈകാര്യം ചെയ്യുന്നത് ഉദയനിധി സ്റ്റാലിനും ശബരീശുമാണെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ഒരാൾക്ക് ഒരു പദവി എന്ന തത്വം ബിജെപി പാലിക്കുന്നുണ്ട്. ബിജെപിയെ സംബന്ധിച്ച് തനിക്ക് ഇഷ്ടപ്പെട്ട കാര്യം അതാണെന്നും ശബ്ദരേഖയിലുണ്ട്. ഒരു മാധ്യമപ്രവർത്തകനുമായി പളനിവേൽ ത്യാഗരാജൻ സംസാരിച്ചതാണ് ഇതെന്ന് അണ്ണാമലൈ ആരോപിക്കുന്നു. കഴിഞ്ഞയാഴ്ച ഫോൺ ശബ്ദരേഖയുടെ ആദ്യഭാഗം അണ്ണാമലൈ പുറത്തുവിട്ടിരുന്നു.  
 
എന്നാല്‍ ഈ ഓഡിയോ ധനമന്ത്രി പളനിവേലിന്‍റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഓഡിയോയില്‍ ചില കട്ടുകള്‍ വരുത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുമ്പോള്‍ വ്യക്തമാകുന്നത്. ഇത് നെറികെട്ട രാഷ്ട്രീയക്കളിയാണെന്ന് പളനിവേല്‍ പ്രതികരിച്ചു. മാധ്യമങ്ങൾ അത്തരം കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  
  

Tags