രാഹുൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലേക്ക് വിദേശ ശക്തികളെ ഇടപെടുത്തുന്നു: ബിജെപി

google news
rahul
 

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ തേടുന്നുവെന്ന വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബിജെപി നേതാക്കളുടെ വിമർശനം. 

കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ട്വീറ്റു ചെയ്തു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലേക്ക് വിദേശശക്തികളെ വലിച്ചിടുകയാണെന്നായിരുന്നു ഇരുവരുടേയും ആരോപണം.

ഇന്ത്യന്‍ നിയമവ്യവസ്ഥയെ നിയന്ത്രിക്കാന്‍ വിദേശ ഇടപാടുകള്‍ക്കാകില്ലെന്ന് മന്ത്രി കിരണ്‍ റിജിജു ട്വിറ്ററില്‍ കുറിച്ചു. വിദേശ കൈകടത്തലുകള്‍ ഇന്ത്യ ഇനിയൊരിക്കലും അനുവദിക്കില്ലെന്നും കാരണം ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നുമായിരുന്നു റിജിജു അഭിപ്രായപ്പെട്ടത്.

അയോഗ്യതയുമായി ബന്ധപ്പെട്ട ജര്‍മ്മനിയുടെ പ്രതികരണം രാജ്യത്തിനു അപമാനമാണെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ അഭിപ്രായം. ഇന്ത്യയുടെ ജനാധിപത്യപരവും രാഷ്ട്രീയപരവും നിയമപരവുമായ വാഗ്വാദങ്ങള്‍ രാജ്യത്തിനുള്ളില്‍ തന്നെ നിര്‍ത്താന്‍ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിയ്ക്കും കഴിയില്ലെന്നും അതിനാല്‍ വിദേശശക്തികളെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലില്‍ കൈകടത്താന്‍ അനുവദിയ്ക്കുകയാണെന്നും അനുരാഗ് ഠാക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു.
 
അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയ നടപടിയുമായി ബന്ധപ്പെട്ട് യുഎസിനു പിന്നാലെ ജർമനിയും പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയതാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. അതേസമയം രാഹുൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ തേടിയെന്ന വിമർശനം തള്ളിക്കളഞ്ഞ കോൺഗ്രസ്, ഇക്കാര്യത്തിൽ തെളിവു ഹാജരാക്കാൻ ബിജെപിയെ വെല്ലുവിളിച്ചു.

Tags