പെട്രോളിനും ഗ്യാസിനും വിലകൂടാന്‍ കാരണം താലിബാന്‍; പുതിയ ന്യായീകരണവുമായി ബി.ജെ.പി എംഎല്‍എ

BJP MLA Blames Taliban For Fuel Prices Hike In India
 

ബംഗ്ലൂര്‍: രാജ്യത്ത്​ ഇന്ധന വില വര്‍ധിക്കാന്‍ കാരണം താലിബാനാണെന്ന്​ ബി​.ജെ.പി നേതാവ്​. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതാണ് പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ വില വര്‍ധിക്കാന്‍ കാരണമെന്നാണ് കര്‍ണാടകയിലെ ബി.ജെ.പി എംഎല്‍എ അരവിന്ദ് ബെല്ലാര്‍ഡിന്റെ വാദം.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പ്രതിസന്ധിമൂലം ക്രൂഡോയില്‍ വിതരണത്തില്‍ കുറവുണ്ടായി. അതുകാരണം പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ വില വര്‍ധിക്കുകയാണ്. വോട്ടര്‍മാര്‍ക്ക് ഇത് മനസിലാക്കാനുള്ള പക്വതയുണ്ടെന്നും അരവിന്ദ് പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക്​ വരെ പരിഗണിക്കപ്പെട്ടിരുന്ന ബി.ജെ.പി നേതാവാണ്​ ബെല്ലാദ്​. ഇന്ത്യയിലേക്ക്​ ക്രൂഡ്​ ഓയില്‍ അയക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഫ്​ഗാനില്ല എന്നിരിക്കേ എം.എല്‍.എയുടെ ന്യായീകരണം ഏവരെയും അത്​ഭുതപ്പെടുത്തിയിട്ടുണ്ട്​ . ഇറാഖ്​, സൗദി അറേബ്യ, യു.എ.ഇ, നൈജീരിയ, യു.എസ്​.എ, കാനഡ എന്നീ രാജ്യങ്ങളാണ്​ ഇന്ത്യക്ക്​ ക്രൂഡ്​ ഓയില്‍ കൈമാറുന്നത്​.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധനവിലയില്‍ വലിയ വര്‍ധനയാണ് രാജ്യത്തുണ്ടായത്. ഇതിന്റെ പേരില്‍ മോദി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. പലപ്പോഴും പല കാരണങ്ങള്‍ പറഞ്ഞാണ് സര്‍ക്കാര്‍ വില വര്‍ധനവിനെ ന്യായീകരിക്കാറുള്ളത്. യു.പി.എ സര്‍ക്കാര്‍ ഇറക്കിയ എണ്ണ ബോണ്ട് പലിശ ഖജനാവിന് ബാധ്യതയാണെന്നും ഇതാണ് ഇന്ധന നികുതി കുറ്ക്കുന്നതിന് തടസമെന്നുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്. എണ്ണ ബോണ്ട് പലിശ കാരണം അഞ്ച് വര്‍ഷം കൊണ്ട് 70000 കോടി അടച്ചു. 2026 വരെ 37000 കോടി രൂപ കൂടി അടക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.