സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടി; അസമിൽ ബിജെപി വനിതാ നേതാവ് അറസ്റ്റിൽ

google news
bjp woman leader in assam arrested for promised jobs for mon
 

അസ്സം: ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബിജെപി വനിതാ നേതാവ് അറസ്റ്റിൽ. അസമിലെ കർബി ആംഗ്ലോങ് ജില്ലയിലെ ബിജെപി നേതാവായ മൂൺ ഇംഗ്ടിപി ആണ് പിടിയിലായത്. വിവിധ സർക്കാർ വകുപ്പുകളിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു മൂൺ ഇംഗ്ടിപി യുവാക്കളിൽ നിന്നും പണം തട്ടിയത്. 

കർബി ആംഗ്ലോങ് ജില്ലയിലെ ബിജെപിയുടെ കിസാൻ മോർച്ചയുടെ സെക്രട്ടറിയായിരുന്നു മൂൺ ഇംഗ്ടിപി. വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് ഇവർ നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തത്. അറസ്റ്റിന് പിന്നാലെ മൂണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നേതാക്കൾ അറിയിച്ചു. എന്നാൽ ഇവർ നടത്തിയ തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കാൻ സംസ്ഥാന ബിജെപി നേതൃത്വം തയാറായിട്ടില്ല.

9 കോടി രൂപയോളം ഇവർ തട്ടിയെടുത്തതായാണ് പൊലീസ് അനുമാനം. കർബി ആംഗ്ലോംഗ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് അംഗം തുലിറാം റോങ്‌ഹാങ് മുതൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വരെയുള്ള ഭരണകക്ഷിയായ ബിജെപി നേതാക്കളുമായി തനിക്ക് അടുപ്പമുണ്ടെന്ന് ഇവർ ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


'തട്ടിപ്പിന്റെ കൃത്യമായ തെളിവുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. കേസിൽ തുടരന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കുകയും മൊഴിയെടുക്കുകയും ചെയ്യും'- കർബി ആങ്ലോങ് ജില്ലാ എഎസ്പി (ക്രൈം) നയൻ ബർമൻ പറഞ്ഞു.

പണം വാങ്ങിയെങ്കിലും അവർ വാഗ്ദാനം ചെയ്ത ജോലികൾക്കുള്ള നിയമന കത്തുകൾ ലഭിച്ചില്ലെന്ന് പൊലീസിൽ പരാതി നൽകിയ ആളുകൾ പറഞ്ഞു. പറ്റിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ടതിനു പിന്നാലെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags