അതിഖ് അഹമ്മദിന്‍റെ അഭിഭാഷകന്‍റെ വീടിനു സമീപം ബോംബേറ്

google news
Bomb blast near Atiq Ahmed's lawyer's house
 

പ്രയാഗ്‍രാജ്: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട മുന്‍ എം.പി അതിഖ് അഹമ്മദിന്‍റെ അഭിഭാഷകന്‍റെ വീടിനു സമീപം ബോംബേറ്. ദയാശങ്കര്‍ മിശ്രയുടെ വീടിന് പുറത്താണ് ബോംബ് സ്ഫോടനമുണ്ടായത്. പ്രയാഗ്‌രാജിലെ കട്‌രയില്‍ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. അതേസമയം ആക്രമണം പ്രത്യേക ലക്ഷ്യമിട്ടുള്ളതല്ലെന്നും രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരമാണ് നടന്നതെന്നും പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടന്‍ കേണല്‍ഗഞ്ച് പൊലീസ് സ്ഥലത്തെത്തി.

രണ്ട് യുവാക്കള്‍ക്കിടയിലെ ശത്രുതയാണ് ആക്രമണത്തില്‍ കലാശിച്ചത്. സ്‌ഫോടനം നടന്നത് അഭിഭാഷകന്‍റെ വസതിക്ക് സമീപമായത് യാദൃച്ഛികമാണെന്നും കേണല്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ റാം മോഹന്‍ റോയ് പറഞ്ഞു. അതേസമയം തന്നെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ബോംബേറെന്ന് സംശയിക്കുന്നതായി അതിഖിന്റെ അഭിഭാഷകന്‍ ദയാശങ്കര്‍ മിശ്ര പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും വെടിവെച്ചു കൊന്നത്. വൈദ്യ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകവെ, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയ മൂന്ന് പേരാണ് ഇരുവരെയും വെടിവെച്ചു കൊന്നത്.
 

Tags