
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് മറ്റൊരു നിർണായക ചുവടുവയ്പ്പുമായി ഇന്ത്യ. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന്റെ യുദ്ധക്കപ്പലിൽ നിന്നുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.
ഉച്ചയോടെയായിരുന്നു നാവിക സേനയുടെ പരീക്ഷണം. മിസൈൽ പ്രതിരോധ പടക്കപ്പലായ ഐഎൻഎസ് മോർമുഗാവിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിക്ഷേപിച്ചു. ആദ്യ പരീക്ഷണം തന്നെ വിജയകരമാണെന്നു നാവിക സേനാ അധികൃതർ അറിയിച്ചു.
നാവികസേന ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറാണ് മോർമുഗാവ്. പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ കപ്പലും ആയുധങ്ങളും ഇന്ത്യൻ നിർമിതമാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാഹരണമാണിതെന്നും നാവികസേന അറിയിച്ചു.
അതേസമയം, മിസൈൽ പരീക്ഷണം നടത്തിയ സ്ഥലം നാവിക സേന വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷണത്തിന്റെ ചിത്രങ്ങളും മറ്റ് വിവരങ്ങളും നാവിക സേന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.