കർണാടകയിൽ യെദ്യൂരപ്പയെ തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ, തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി

BS Yediyurappa Surrounded By BJP Workers
 

ബെംഗളൂരു: ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് ചിക്കമംഗളൂരു ജില്ലയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെദ്യൂരപ്പ.  ഒരുകൂട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഘെരാവോ ചെയ്തതോടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാതെ യെദ്യൂരപ്പ മടങ്ങുകയായിരുന്നു. ബി.ജെ.പി.യുടെ വിജയ് സങ്കല്‍പ യാത്ര നയിക്കാന്‍ യെദ്യൂരപ്പ എത്തിയപ്പോഴാണ് സംഭവം.

ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ സി.ടി.രവിയുടെ നേതൃത്വത്തിലുള്ള സംഘം ഘരാവോ ചെയ്തതോടെയാണ് പരിപാടി റദ്ദാക്കി യെഡിയൂരപ്പ തിരികെ പോയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ മകൻ ബി.വൈ.വിജയേന്ദ്ര, കുടുംബ കോട്ടയായ ഷിമോഗ ജില്ലയിലെ ശിക്കാരിപുരയിൽ നിന്ന് മത്സരിക്കുമെന്ന യെദ്യൂരപ്പയുടെ പ്രഖ്യാപനം സി.ടി.രവി തള്ളിക്കളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രചാരണത്തിന് തടസ്സുമായി സി.ടി.രവിയുടെ അനുയായികൾ എത്തിയത്. 

പാര്‍ട്ടി പ്രവര്‍ത്തകരും സി.ടി. രവി പക്ഷക്കാരും ചേര്‍ന്ന് യെദ്യൂരപ്പയുടെ കാര്‍ തടഞ്ഞു. മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ.യായ എം.പി. കുമാരസ്വാമിക്ക് മുദിഗെരെ നിയമസഭാ സീറ്റ് നല്‍കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടാണ് കാര്‍ തടഞ്ഞത്. തുടര്‍ന്ന് യാത്രയില്‍ പങ്കെടുക്കാതെ യെദ്യൂരപ്പ മടങ്ങി.