ബുള്ളി ബായ് ആപ്പ് കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Bully Bhai App Case-accused were remanded in police custody
 

ന്യൂഡല്‍ഹി: ബുള്ളി ബായ് ആപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ശ്വേത സിംഗ്, മായങ്ക് റാവത്ത് എന്നിവരെയാണ് ബാന്ദ്ര കോടതി കസ്റ്റഡിയിൽ വിട്ടത്.

കേസിലെ മുഖ്യപ്രതിയായ യുവതിയെ മുംബൈ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. പതിനെട്ടുകാരിയായ ശ്വേതാ സിങ്ങിനെ ഉത്തരാഖണ്ഡിൽനിന്നും എഞ്ചിനീയറിങ് വിദ്യാർത്ഥിയായ വിശാൽ കുമാറിനെ (21) ബെംഗളൂരുവിൽനിന്നുമാണ് അറസ്റ്റ്‌ ചെയ്തത്. 
 
യുവതി മൂന്നു അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് വിദ്വേഷ പ്രചാരണം നടത്തിയത്. മറ്റൊരു പ്രതിയായ യുവാവ് അക്കൗണ്ട് സൃഷ്ടിച്ചത് ഖൽസാ സുപ്രമാസിസ്റ്റ് എന്ന സിഖ് പേരിലായിരുന്നു. ഡിസംബർ 31ന് മറ്റു അക്കൗണ്ടുകളും ഇയാൾ സിഖ് സമൂഹവുമായി ബന്ധപ്പെടുത്തുന്ന ഖൽസ പേരുകളിലേക്ക് മാറ്റി.

ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിൽ മുസ്‌ലിം സ്ത്രീകളെ ലേലത്തിന് വെച്ച വിദ്വേഷ കാമ്പയിൻ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുസ്ലിം സ്ത്രീകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ശേഖരിച്ച് ആപ്പിൽ അപ്ലോഡ് ചെയ്ത് അവരെ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ പ്രതിഷേധം ഉയർന്നത്.