ജാവേദ് അക്തറിന്‍റെ പരാതി; കങ്കണക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി

kangana ranaut
 

മുംബൈ: മാനനഷ്ടക്കേസിൽ ബോളിവുഡ് താരം കങ്കണ റണാവട്ടിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന കവിയും ആക്ടിവിസ്റ്റുമായ ജാവേദ് അക്തറിന്റെ ആവശ്യം അന്ധേരി ചീഫ് മെട്രോപോളിറ്റൻ കോടതി തള്ളി. 

കേസിൽ ഫെബ്രുവരി ഒന്നിന് വീണ്ടും വാദം കേൾക്കും.

2020 നവംബർ മൂന്നിനാണ് ജാവേദ് അക്തർ കങ്കണക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഒരു ടിവി ചാനൽ അഭിമുഖത്തിനിടെ തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു കങ്കണ ജാവേദ് അക്തറിന്റെ പേര് പരാമർശിച്ചത്.

അനാവശ്യമായ കാരണങ്ങൾ പറഞ്ഞ് കങ്കണ കേസിൽ ഹാജരാവുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ് ജാവേദ് അക്തറിന്റെ അഭിഭാഷകൻ ആരോപിച്ചു. സെപ്റ്റംബർ 20 നാണ് കങ്കണ അവസാനമായി കോടതിയിൽ ഹാജരായത്.