538 കോടി രൂപയുടെ തട്ടിപ്പ്; ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെ വീട്ടിൽ സിബിഐ റെയ്‌ഡ്

ന്യൂഡൽഹി: ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്‌സ് ഓഫീസുകളിലും സിബിഐ പരിശോധന. കാനറാ ബാങ്ക് നൽകിയ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. മുംബൈയിൽ 7 ഇടങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്.
538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഗോയലിനും ഭാര്യ അനിതാ ഗോയലിനും വിമാന കമ്പനിയിലെ ചില മുൻ ഉദ്യോഗസ്ഥർക്കെതിരെയും സിബിഐ കേസെടുത്തിരുന്നു. ഒരേ സമയം ഡൽഹിയിലെയും മുംബൈയിലെയും ഏഴ് സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയാണെന്നു സിബിഐ അറിയിച്ചു.
നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികളിലും സിബിഐ പരിശോധന നടത്തി. ബാങ്ക് നൽകിയ പണം വക മാറ്റി ചെലവഴിച്ചതടക്കമാണ് കേസ് നൽകിയിട്ടുള്ളത്.
2011 ഏപ്രിൽ ഒന്നിനും 2019 ജൂൺ 30-നും ഇടയിൽ എയർലൈൻ കൺസൾട്ടൻസിയ്‌ക്കായി 1,152 കോടി രൂപ ചെലവഴിച്ചതായി സിബിഐ കണ്ടെത്തി. ജെറ്റ് എയർവേയ്‌സ് മാനേജർമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 197 കോടി രൂപയുടെ അനധികൃത ഇടപാടും കണ്ടെത്തി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും കാരണം 2019 ഏപ്രിലിൽ ജെറ്റ് എയർവേയ്‌സ് പ്രവർത്തനം നിർത്തിയിരുന്നു. 2021 ജൂണിൽ ജലാൻ-കൽറോക്കിന്റെ കൺസോർഷ്യമാണ് എയർലൈൻ ഏറ്റെടുത്തത്. റെയ്ഡിന് പുതിയ ഉടമകളുമായോ എയർവേയ്‌സിന്‍റെ നിലവിലുള്ള പുനരുജ്ജീവന പ്രക്രിയയുമായോ ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ.
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവേസ്. എന്നാൽ കടുത്ത പണക്ഷാമവും വർദ്ധിച്ചുവരുന്ന കടവും കാരണം 2019 ഏപ്രിലിൽ പ്രവർത്തനം നിർത്തിവച്ചു. ശേഷം 2021 ജൂണിൽ യുഎഇ ആസ്ഥാനമായുള്ള വ്യവസായി മുരാരി ലാൽ ജലാനും ലണ്ടൻ ആസ്ഥാനമായുള്ള കൽറോക്ക് ക്യാപിറ്റലും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ എയർലൈൻ ഏറ്റെടുത്തു.