സിബിഎസ്ഇ മൂല്യനിർണയത്തിൽ തീരുമാനം ഉടൻ; ഫലപ്രഖ്യാപനം ജൂലൈയോടെ

cbse

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ പത്ത്,പതിനൊന്ന്  ക്ലാസ്സുകളിലെ വാർഷിക പരീക്ഷയുടെ മാർക്കുകൾ കൂടി അടിസ്ഥാനമാക്കണമെന്ന് നിർദേശം സിബിഎസ്ഇ അംഗീകരിച്ചേക്കും. ഈ രീതി സ്വീകരിക്കുന്നത് ഉചിതമെന്ന് വിദ്യഭാസ വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് നടപടി. ഉന്നത വിദ്യഭാസ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത മൂല്യനിർണയ മാർഗരേഖ രണ്ട്  ആഴ്ച്ചയ്ക്ക് ഉള്ളിൽ പുറത്തിറക്കാനാണ്  സിബിഎസ്ഇയുടെ ശ്രമം.

അങ്ങനെയെങ്കിൽ ഫലപ്രഖ്യാപനം ജൂലൈയിൽ ഉണ്ടാകും. മൂല്യനിർണയ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു. മൂല്യനിർണയത്തിന് രണ്ട്  ഓപ്ഷനുകളാണ്  സിബിഎസ്ഇ പ്രധാനമായും പരിഗണിക്കുന്നത്. പത്ത്,പതിനൊന്ന് ക്ലാസ്സുകളിലെ മാർക്കുകളും പന്ത്രണ്ടാം ക്ലാസ്സിലെ ഇന്റേണൽ മാർക്കും പരിഗണിക്കുക എന്നതാണ് ആദ്യത്തെ ഓപ്ഷൻ. പത്താം ക്ലാസ്സിലെ മാർക്കും ഇന്റേണൽ മാർക്കും മാനദണ്ഡമാകുക എന്നതാണ് രണ്ടാമത്തെ ഓപ്ഷൻ.