ന്യൂ​ന​മ​ർ​ദം; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്ക്ക് സാധ്യത

rain
 

ചെന്നൈ: വരുന്ന അഞ്ച് ദിവസം തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും പുതുച്ചേരിയിലും അതിതീവ്രമഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
തമിഴ്നാട്ടിൽ രാമനാഥപുരം, നാഗപട്ടണം ജില്ലകളിലെ ചിലയിടങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ പുതുച്ചേരിയിലെ കാരയ്‌ക്കലിന് പുറമെ തമിഴ്നാട്ടിലെ മധുര, തേനി, ശിവഗംഗ, കന്യാകുമാരി, പുതുക്കോട്ട, തെങ്കാശി ജില്ലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 

നവംബർ 27, 28 തീയതികളിൽ രായലസീമ മേഖലയിലും കിഴക്കൻ ഗോദാവരി ജില്ലയിലെ യാനം ഉൾപ്പെടെ ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

നവംബർ 24, 25 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതിനെ തുടർന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മാന്നാർ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരങ്ങൾ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിതീവ്രമഴ മുന്നറിയിപ്പ് നൽകിയതിന്റെ ഭാഗമായി നാളെ മുതൽ ശനിയാഴ്ച വരെ ചെന്നൈയിലും കാഞ്ചീപുരത്തും തിരുവാല്ലൂരും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.