പെൺകുട്ടി ആൺസുഹൃത്തിന് അയച്ചത് സ്വന്തംസ്വകാര്യ ദൃശ്യങ്ങൾ; ശുചിമുറി വിവാദത്തിൽ ചണ്ഡീഗഢ് സർവകലാശാല

chandigarh university statement on alleged video leak of girl students
 

ചണ്ഡീഗഢ്: വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വിവാദം പുകയുന്നതിനിടെ സംഭവത്തേക്കുറിച്ച് വിശദീകരണവുമായി ചണ്ഡീഗഢ് സര്‍വകലാശാല. വിഷയത്തില്‍ സര്‍വകലാശാല പ്രൊ. ചാന്‍സലര്‍ ഡോ. ആര്‍.എസ്. ബാവ പ്രസ്താവനയിറക്കി.

സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്‌തെന്നുള്ള പ്രചാരണം തെറ്റാണെന്നും ഒരു പെണ്‍കുട്ടിയും അത്തരത്തിലൊരു കാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളെ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ പ്രതിയായ വിദ്യാർഥിനിയിൽനിന്നു മറ്റു പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു മൊഹാലി പൊലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായ വിദ്യാർഥിനി ശുചിമുറിയിൽ സ്വയം ചിത്രീകരിച്ച വിഡിയോ മാത്രമാണ് മൊബൈൽ ഫോണിൽനിന്നു കണ്ടെടുക്കാൻ കഴിഞ്ഞതെന്നു മൊഹാലി എസ്എസ്‌പി വിവേക് സോണി മാധ്യമങ്ങളോട് പറഞ്ഞു. മറ്റാരുടെയും വിഡിയോ താൻ പകർത്തിയിട്ടില്ലെന്നാണു വിദ്യാർഥിനിയുടെ മൊഴിയെന്നും എസ്എസ്‌പി പറഞ്ഞു.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും എസ്എസ്‌പി പറഞ്ഞു. വിദ്യാർഥിനി തന്റെ ശുചിമുറി വിഡിയോ ഷിംലയിലുള്ള കാമുകന് അയച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഐജി ഗുരുപ്രീത് ദിയോ മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയുടെ കാമുകനെ പിടികൂടുമെന്നും ഇയാളെ കസ്‌റ്റഡിയിൽ എടുത്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുകയുള്ളുവെന്നും ഐജി പറഞ്ഞു.
 

ദൃശ്യങ്ങൾ പകർത്തിയെന്ന പെൺകുട്ടികളുടെ ആരോപണത്തിനു പിന്നാലെ കസ്റ്റഡിയിൽ എടുത്ത ഒന്നാം വർഷ എംബിഎ വിദ്യാർഥിനിയെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. എന്നാൽ താൻ ആരുടെയും ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്ന മൊഴിയിൽ വിദ്യാർഥിനി ഉറച്ചു നിന്നു. വിദ്യാർഥിനിയുടെ മൊബൈൽ ഫോണുകളും ഇല്‌ക്‌ട്രിക് ഉപകരണങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും തെളിവുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിദ്യാർഥിനിയെ കാമുകൻ ഭീഷണിപ്പെടുത്തി മറ്റു പെൺകുട്ടികളുടെ ദൃശ്യങ്ങൾ കൈക്കലാക്കിയതിനു ശേഷം ഇന്റർനെറ്റിൽ അ‌പ്‌ലോഡ് ചെയ്യുകയായിരുന്നുവെന്ന മറ്റു പെൺകുട്ടികളുടെ ആരോപണവും അന്വേഷിക്കുന്നതായി മൊഹാലി എസ്എസ്‌പി വിവേക് സോണി പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഹോസ്റ്റലില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി ആരോപിച്ച് ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയത്. രാത്രി വൈകിയും കാമ്പസില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം തുടര്‍ന്നു. ഏകദേശം അറുപതോളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങളും ശൗചാലയത്തില്‍നിന്നുള്ള ദൃശ്യങ്ങളുമാണ് പെണ്‍കുട്ടി രഹസ്യമായി പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഷിംലയിലുള്ള ആണ്‍സുഹൃത്തിന് അയച്ചുനല്‍കി. ഇയാളാണ് സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതെന്നാണ് ആരോപണം.

തങ്ങളുടെ കുളിമുറി ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ഥിനികള്‍ സംഭവമറിയുന്നത്. ഇതിനകം വീഡിയോ പല അശ്ലീല സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.