ആഫ്രിക്കയിൽ നിന്നുമെത്തിച്ച ചീറ്റകളിലൊന്ന് ചത്തു

google news
Cheetah brought to Kuno National Park from Namibia dies
 

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിന്നുമെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു. നിർജലീകരണമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. കുനോ നാഷണൽ പാർക്കിൽ കഴിയുകയായിരുന്ന സാഷ എന്നു പേരുള്ള ചീറ്റയാണ് ചത്തത്.
 
ഇന്ത്യയിലേക്ക് കൊണ്ടു വരും മുന്‍പ് തന്നെ സാഷയുടെ വൃക്കകള്‍ക്ക് തകരാറുണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. സാഷയുടെ ജീവന്‍ രക്ഷിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇന്ത്യയില്‍ ചീറ്റപ്പുലികളുടെ എണ്ണം പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ടാണ് ചീറ്റകളെ എത്തിച്ചത്.
 
കഴിഞ്ഞ വർഷം സെപ്തംബറിലാണ് 'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി ഇന്ത്യ നമീബിയയിൽ നിന്നും 5 പെണ്ണും 3 ആണും ഉൾപ്പടെ എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇന്റർ കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് എട്ട് ചീറ്റകളെ രാജ്യത്ത് എത്തിച്ചത്. 

പിന്നീട് ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ചീറ്റകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ കുനോയിൽ തുറന്ന് വിട്ടത്.

കരയിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയാണ്‌ മാർജ്ജാരവംശത്തിൽ പെട്ട ചീറ്റപ്പുലി. 500 മീറ്ററോളം ദൂരം മണിക്കൂറിൽ 100 കി.മീ വേഗതയിൽ ഓടാൻ ചീറ്റപ്പുലിക്കു സാധിക്കും. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ആഫ്രിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികൾ ഉണ്ടായിരുന്നത്‌. എന്നാൽ ഇന്ത്യയിൽ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചുകഴിഞ്ഞു. ഇറാനിൽ 200 എണ്ണത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു.

ആഫ്രിക്കയിലും ഇവയുടെ എണ്ണം കുറഞ്ഞുവരികയാണ്. ഈ നിലയിൽ പോയാൽ ചീറ്റകൾ ഭൂമുഖത്ത് നിന്ന് പൂർണമായും അപ്രത്യക്ഷമാകാൻ അധിക കാലം വേണ്ടിവരില്ല. ഇത് മുന്നിൽ കണ്ട് ഇന്ത്യ ഗവൺമെന്റ് നടപ്പിലാക്കുന്ന ബ്രഹദ് പദ്ധതിയാണ് പ്രൊജക്ട് ചീറ്റ.

Tags