പൗരത്വ ഭേദഗതി നിയമം: ചട്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റ് സമതിയില്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്   സന്ദർശിക്കും
 

ന്യൂഡല്‍ഹി:  പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി തയ്യാറാക്കേണ്ട ചട്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതിനായി കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റ് സമിതി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു. 

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമമാണ് പൗരത്വ ഭേദഗതി നിയമം. 2019 ഡിസംബര്‍ 11ന് പാസ്സാക്കിയ നിയമം പക്ഷേ ഇപ്പോഴും പ്രാബല്യത്തിലായിട്ടില്ല. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ മാനുവല്‍ അനുസരിച്ച്‌, രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച്‌ ആറു മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ചട്ടങ്ങളും വകുപ്പുകളും രൂപീകരിക്കണം. 

അല്ലെങ്കില്‍ ലോക്‌സഭ, രാജ്യസഭ എന്നിവയുടെ സമിതികളില്‍ നിന്ന് സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെടണം. സിഎഎ നിയമം പാസ്സാക്കിയെടുത്ത് ആറു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെ 2020 ജൂണ്‍ മുതല്‍ വിവിധ ഘട്ടങ്ങളായി ആഭ്യന്തര വകുപ്പ് സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടത്.

ഇത് അഞ്ചാം തവണയാണ് അമിത് ഷായുടെ മേല്‍നോട്ടത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റ് സമിതിയോട് ചട്ടരൂപീകരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുന്നത്.