പൗരത്വ നിയമ ഭേദഗതി മതേതര മൂല്യങ്ങള്‍ക്ക് എതിര്; തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി

mk stalin 27/5
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. തമിഴ്നാട്  മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതി ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നും രാജ്യത്തെ മത സൌഹാര്‍ദ്ദത്തിനെ സാരമായി ബാധിക്കുമെന്ന നിരീക്ഷണത്തോടെയാണ് എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചത്.

ബിജെപി സഭാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും സഭയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കിനുമിടയിലാണ് പ്രമേയം പാസാക്കിയത്. എന്നാല്‍ പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരെയുള്ളതല്ലെന്ന് തമിഴ്നാട് ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു. ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താനാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ പ്രമേയമെന്നാണ് ബിജെപി എംഎല്‍എ വനതി ശ്രീനിവാസന്‍ ആരോപിക്കുന്നത്.

ജനാധിപത്യ രാജ്യങ്ങളില്‍ ഭരണാധികാരികളുടെ തീരുമാനങ്ങള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും താല്‍പര്യങ്ങളേയും വികാരങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാവണമെന്നും സ്റ്റാലിന്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ മതത്തിന്‍റേയും രാജ്യത്തിന്‍റേയും പേരില്‍ വേര്‍തിരിക്കുന്നതാണ് നിയമഭേദഗതിയെന്നും സ്റ്റാലിന്‍ വിശദമാക്കി. ശ്രീലങ്കയില്‍ നിന്നുമുള്ള തമിഴ് വംശജര്‍ക്ക് പൗരത്വം ലഭിക്കാനുള്ള അവസരത്തിനും നിയമഭേദഗതി തടസമായേക്കുമെന്നും അഭയാർത്ഥികളോട് മനുഷ്യത്വ പരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും സ്റ്റാലിൻ വ്യക്തമാക്കി.