"ലിങ്കിൽ ക്ലിക്ക് ചെയ്ത് വരുമാനം നേടാം"; ക്ലിക്ക് ചെയ്യല്ലേ.... അക്കൗണ്ട് കാലിയാകും, തട്ടിപ്പ് സൂക്ഷിക്കുക

google news
Online fraud
 ഒന്ന് കണ്ണടച്ച് നിന്നാൽ നമ്മളെ വരെ തട്ടി കൊണ്ടുപോകുന്ന തരം തട്ടിപ്പ് സംഘങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. തട്ടിപ്പിന് പരിധികളില്ല എന്നതാണ് സത്യം. ഒരു തട്ടിപ്പ് രീതി പൊളിയുമ്പോൾ അടുത്ത തട്ടിപ്പുമായി സംഘം രംഗത്തിറങ്ങും. ഓരോ ആളുകളെ പിടികൂടിയാൽ അടുത്ത ആളുകൾ തട്ടിപ്പിന് വേണ്ടി രംഗത്തെത്തിയിട്ടുണ്ടാകും.
തട്ടിപ്പ് എന്നാൽ അത് തട്ടിപ്പ് ആണോ എന്ന് നമുക്ക് തന്നെ സംശയം ഉണ്ടാക്കുന്ന രീതിയിലുള്ള അത്രയും വിദഗ്ദമായ തട്ടിപ്പാണ് നടക്കുന്നത്. അതിനാൽ തന്നെ തട്ടിപ്പിന് ഇരയാകുന്നവരാകട്ടെ സാധാരണക്കാർ മാത്രമല്ല, ഉയർന്ന യോഗ്യതകൾ ഉള്ളവരും ഉണ്ട്. ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരിൽ ഐടി വിദഗ്ദർ വരെയുണ്ടെന്നതാണ് സത്യം.
വാട്സ്ആപ്പ് വഴി നടന്ന ഒരു ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങളാണ് ഗുഡ്ഗാവിലെ ഒരു ഐടി ഉദ്യോഗസ്ഥന് നഷ്ടമായത്. വാട്സ്ആപ്പ് സന്ദേശം വഴി വിശ്വാസ്യത നേടിയ സംഘമാണ് ഐടി ഉദ്യോഗസ്ഥനില്‍ നിന്ന് 42 ലക്ഷം രൂപയിലധികം കൈക്കലാക്കിയത്. യുട്യൂബ് വീഡിയോ ലൈക്ക് ചെയ്ത് അധിക വരുമാനം നേടാം എന്നറിയിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ഒരു തരം തട്ടിപ്പ് രീതിയാണിത്.
പാര്‍ട് ടൈം ജോലിയിലൂടെ അധികവരുമാനം നേടാം എന്ന മെസേജ് വഴിയാണ് തട്ടിപ്പ് സംഘം ആദ്യം ഐടി ഉദ്യോഗസ്ഥനെ സമീപിച്ചത്. യുട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുന്നതായിരുന്നു പാര്‍ട് ടൈം ജോലി. ഇത്തരത്തില്‍ അധിക വരുമാനം നേടാമെന്ന സന്ദേശം മാര്‍ച്ച് 24നാണ് ഇയാള്‍ കൈപറ്റിയത്. മെസേജിന് മറുപടി നല്‍കിയതോടെ ദിവ്യ എന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പില്‍ അംഗമാക്കി. ഗ്രൂപ്പംഗങ്ങളായ കമാല്‍, അങ്കില്‍, ഭൂമി, ഹര്‍ഷ് എന്നിവരാണ് പിന്നീട് ഉദ്യോഗസ്ഥനുമായി ആശയവിനിമയം നടത്തിയത്. മുടക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക തിരികെ നല്‍കാമെന്നറിയിച്ചായിരുന്നു ഇയാളില്‍ നിന്ന് പണം കൈക്കലാക്കിയത്.
തന്റെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍ നിന്നായി 42,31,600 രൂപ ഇയാള്‍ തട്ടിപ്പ് സംഘത്തിന് നല്‍കി. 62 ലക്ഷം രൂപയായി മടക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ അതിനായി വീണ്ടും പണം നല്‍കേണ്ടതുണ്ടെന്നായിരുന്നു ലഭിച്ച മറുപടി. തട്ടിപ്പ് മനസിലായതോടെ ഇയാള്‍ പൊലിസില്‍ പരാതി നല്‍കി.
ഗുഡ്ഗാവ് സെക്ടര്‍ 102ല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജോലി ചെയ്യുന്നയാളാണ് ഓണ്‍ലൈന്‍ വഴി കബളിക്കപ്പെട്ടത് എന്നതാണ് ഗൗരവകരമായ കാര്യം. പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് രാജ്യത്ത് വ്യാപകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ വേണ്ടത് ജാഗ്രത മാത്രമാണ്. തട്ടിപ്പുകൾ കുറിച്ചുള്ള അറിവ് മാത്രം ഉണ്ടായാൽ പോരാ. മുന്നിൽ വരുന്ന ലിങ്കിൽ എല്ലാം കയറി നോക്കാനുള്ള ആവേശം കുറക്കുകയാണ് വേണ്ടത്. പണം ആരും നിങ്ങൾക്ക് വെറുതെ തരില്ലെന്ന സത്യവും അറിയേണ്ടതുണ്ട്.

Tags