കേന്ദ്രസര്‍ക്കാരിന് ഇപ്പോള്‍ കിടപ്പറ സംഭാഷണങ്ങള്‍ വരെ കേള്‍ക്കാം; പരിഹസിച്ച് കോണ്‍ഗ്രസ്

surjewala


ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണണമെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

കേന്ദ്രമന്ത്രിമാര്‍, സീനിയര്‍ പ്രതിപക്ഷ നേതാക്കള്‍, ജഡ്ജിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റുള്ളവര്‍ എന്നിവരുടെയെല്ലാം ഫോണുകള്‍ ചോര്‍ത്തിയെന്നും ഇവരുടെയെല്ലാം കിടപ്പറ സംസാരം പോലും സര്‍ക്കാര്‍ കേള്‍ക്കുകയാണെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. ഇസ്രയേല്‍ നിര്‍മിത പെഗാസസ് സോഫ്റ്റ് വെയറിലൂടെ ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

ഇത് വ്യക്തമായും രാജ്യദ്രോഹമാണെന്നും മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷയില്‍നിന്ന് പൂര്‍ണമായി പിന്മാറിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഒരു വിദേശകമ്ബനിക്ക് പോലും ഇത്തരം ഡേറ്റകള്‍ കിട്ടാന്‍ സാധ്യതയുണ്ട് എന്നത് മോദി ഗവണ്‍മെന്റിന്റെ ദേശീയ സുരക്ഷിതത്വത്തില്‍ നിന്നുള്ള പിന്നോക്കം പോകലും രാജ്യദ്രോഹ നിലപാടും ആണെന്നും കോണ്‍ഗ്രസ് പറഞ്ഞു. നേതാക്കള്‍ മാത്രമല്ല സാധാരണ ജനങ്ങളെ കൂടി ബാധിക്കുന്നതാണ് ഇത്. നിങ്ങളുടെ ഭാര്യയുടേയോ മകളുടെയോ ഫോണില്‍ പെഗാസസിന് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനാകും.

നിങ്ങള്‍ കുളിമുറിയിലായാലും കിടപ്പ് മുറിയിലായാലും എവിടെയിരുന്നും നിങ്ങള്‍ മക്കളോടോ ഭാര്യയോടോ കുടുംബത്തിലുള്ള ആരോടു പറഞ്ഞാലും മോഡി സര്‍ക്കാരിന് അത് കേള്‍ക്കാനാകുമെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ഐ.ടി. മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.