ഹൈക്കമാന്റിനെ തള്ളി സിദ്ധരാമയ്യ; കോലാറില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം

siddaramaiah
 

ബംഗ്ലൂരു: ഹൈക്കമാന്റിനെ മറികടന്ന് കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ കോലാറിൽ നിന്ന് ജനവിധി നേടുമെന്ന് പ്രഖ്യാപിച്ചു. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇത് വരെ പുറത്ത് വന്നിട്ടില്ലെന്നിരിക്കെയാണ് ഹൈക്കമാന്റിനെ മറികടന്ന് മുൻ കർണാടക മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം.  


2018ലെ തിരഞ്ഞെടുപ്പിൽ താൻ വിജയിച്ച സീറ്റായ ബദാമിയിൽ മത്സരിക്കാനുള്ള സാധ്യത സിദ്ധരാമയ്യ നേരത്തേ തള്ളിയിരുന്നു. കോൺഗ്രസ് ഇതുവരെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിട്ടില്ല. 2018ലെ തിരഞ്ഞെടുപ്പിൽ ബദാമി, ചാമുണ്ഡേശ്വരി മണ്ഡലങ്ങളിൽ നിന്നാണ് സിദ്ധരാമയ്യ മത്സരിച്ചത്. ബദാമിയിൽ ബിജെപി സ്ഥാനാർഥിയോട് വിജയിച്ചപ്പോൾ ചാമുണ്ഡേശ്വരിയിൽ ജെ‍ഡിഎസ് സ്ഥാനാർഥിയോടു തോറ്റു. ഈ വർഷം മേയിലാണ് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

തന്നെക്കുറിച്ച് പുതുതായി പുറത്തിറക്കുന്ന പുസ്തകത്തിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ബിജെപി പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നു സിദ്ധരാമയ്യ ആരോപിച്ചു. സിദ്ധരാമയ്യയെ കുറിച്ചുള്ള ഉപന്യാസങ്ങളുടെ ശേഖരമായ ‘സിദ്ധു നിജകനസുഗലു’ എന്ന പുസ്തകത്തിന്റെ പ്രകാശനം കോടതി തടഞ്ഞിരുന്നു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ നൽകിയ ഹർജിയിലാണ് ജില്ലാ കോടതിയുടെ നടപടി. ബിജെപി പിന്തുണയോടെയാണ് പുസ്തകം ഇറക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

കർണാടകയിടെ ബിജെപി മന്ത്രിയാണ് സിദ്ധരാമയ്യയെക്കുറിച്ച് പുസ്തകം പുറത്തിറക്കാൻ തീരുമാനിച്ചത്. സിദ്ധരാമയ്യയുടെ ഭരണകാലത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നതാണ് ബി ജെ പി മന്ത്രിയുടെ പുസ്തകം.