കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും; പ്രഖ്യാപനവുമായി പ്രിയങ്ക

congress to give 2000 rupees to housewives priyanka gandhi launches new scheme
 


ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴിൽരഹിതരായ വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. 


ഗൃഹലക്ഷ്മി എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഒന്നരക്കോടിയിലധികം വീട്ടമ്മമാര്‍ക്ക് പ്രയോജനകരമാകുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ കുടുംബങ്ങള്‍ ശാക്തീകരിക്കപ്പെടുമെന്നും അതുവഴി രാഷ്ട്രം തന്നെ പുരോഗതിയാര്‍ജ്ജിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വലിയ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സ്ത്രീകള്‍ക്ക് വേണ്ടി മാത്രം പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ അന്തരീക്ഷം വളരെ മോശമാണ്. സംസ്ഥാനത്തെ പൊതുപണമായ 1.5 ലക്ഷം കോടി രൂപ തട്ടിയെടുക്കപ്പെട്ടെന്നും പ്രിയങ്ക പറഞ്ഞു.
  
അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ അടുത്ത തെരഞ്ഞെടുപ്പ് വാഗ്ദാനം. ഗ്യാസ് വില വര്‍ദ്ധനവിലും ജീവിത ചെലവിലും പൊറുതിമുട്ടിയ വീട്ടമാര്‍ക്ക് ആശ്വാസമാകും ഈ പദ്ധതിയെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.